റിയാദ്: ‘ഗ്രീൻ റിയാദ്’ പദ്ധതിയുടെ ഭാഗമായി റിയാദ് നഗരത്തിൽ മൂന്ന് പ്രധാന പാർക്കുകളുടെ നിർമാണമാരംഭിച്ചു. മുൻസിയ്യ, റിമാൽ, ഖാദിസിയ എന്നീ ഡിസ്ട്രിക്റ്റുകളിലായി ആകെ 5,50,000 ചതുരശ്ര മീറ്ററിലാണ് പാർക്കുകൾ നിർമിക്കുന്നത്. നഗരത്തിലെ ജീവിതനിലവാരം ഉയർത്തുകയും ഹരിതയിടങ്ങളുടെ പ്രതിശീർഷ നിരക്ക് ഇപ്പോഴുള്ളതിന്റെ 16 മടങ്ങ് വർധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ലോകത്തിലെ ഏറ്റവും സുസ്ഥിര നഗരങ്ങളിലൊന്നായി റിയാദിനെ മാറ്റാനാണ് പദ്ധതി.
നഗരത്തിന്റെ കിഴക്ക് ഭാഗത്താണ് മൂന്നു പാർക്കുകളും. സുലൈ പർവതനിരയുടെ താഴ്വരയിലെ (വാദി അൽ സുലൈ) പ്രകൃതിയുമായി ചേരും വിധമായിരിക്കും ഈ പാർക്കുകളുടെ രൂപകൽപന. പാർക്കുകളുടെ 65 ശതമാനവും പച്ചപ്പായിരിക്കും. 5,85,000 മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിക്കും. 18 കിലോമീറ്ററിലും എട്ട് കിലോമീറ്ററിലും രണ്ട് നടപ്പാതകൾ, 8.5 കിലോമീറ്ററിൽ സൈക്കിൾ പാതകൾ എന്നിവ പാർക്കുകളിലുണ്ടാവും.