റിയാദ് – വിമാന ടിക്കറ്റിനൊപ്പം സൗജന്യ ട്രാന്‍സിറ്റ് വിസ കൂടി അനുവദിക്കുന്ന സേവനം വിദേശ മന്ത്രാലയം ആരംഭിച്ചു. മൂന്നു മാസ കാലാവധിയുള്ള വിസയില്‍ നാലു ദിവസം വരെ സൗദിയില്‍ തങ്ങാന്‍ സാധിക്കുമെന്നും പുതിയ സേവനം പ്രാബല്യത്തില്‍ വന്നതായും വിദേശ മന്ത്രാലയം അറിയിച്ചു.
സൗദി വിമാന കമ്പനികളില്‍ യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി ട്രാന്‍സിറ്റ് സന്ദര്‍ശന വിസ അനുവദിക്കുന്ന സേവനമാണ് വിദേശ മന്ത്രാലയം ആരംഭിച്ചത്.
സൗദി വിമാനങ്ങളില്‍ വിദേശങ്ങളില്‍ നിന്ന് സൗദി അറേബ്യയിലെ ഏതെങ്കിലും അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി ട്രാന്‍സിറ്റ് ആയി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ എളുപ്പത്തില്‍ അവസരമൊരുക്കുന്ന പുതിയ സേവനം ദേശീയ വിമാന കമ്പനികളുമായും ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ചാണ് വിദേശ മന്ത്രാലയം ആരംഭിച്ചത്. ഈ വിസയില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാനും മസ്ജിദുന്നബവിയില്‍ സിയാറത്ത് നടത്താനും ടൂറിസം പരിപാടികള്‍ കാണുന്നതിനും സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ സ്വതന്ത്രമായി സഞ്ചരിക്കാനും സാധിക്കും.
വിമാന ടിക്കറ്റിനൊപ്പം സന്ദര്‍ശന വിസ കൂടി അനുവദിക്കുന്ന സേവനം ചില രാജ്യങ്ങളില്‍ നിലവിലുണ്ട്. ഈ സേവനമാണ് ഇപ്പോള്‍ സൗദിയിലും ആരംഭിച്ചത്. 2030 ഓടെ തീര്‍ഥാടകര്‍ അടക്കം 10 കോടി വിദേശ സന്ദര്‍ശകരെ പ്രതിവര്‍ഷം ആകര്‍ഷിക്കാന്‍ സൗദി അറേബ്യ ഇതിലൂടെ ലക്ഷ്യമിടുന്നു. ഈ ലക്ഷ്യം കൈവരിക്കാന്‍ ശ്രമിച്ചുള്ള പ്രവർത്തനങ്ങളിൽ സുപ്രധാന ചുവടുവെപ്പാണ് വിമാന ടിക്കറ്റിനൊപ്പം ട്രാന്‍സിറ്റ് സന്ദര്‍ശന വിസ കൂടി അനുവദിക്കുന്ന സേവനത്തിലൂടെ രാജ്യം നടത്തിയിരിക്കുന്നത്.