മക്ക- പുണ്യമാസമായ റമദാൻ ദിനരാത്രങ്ങൾ പ്രാർഥനയിൽ സജീവമാക്കാൻ വിശ്വാസികൾ മസ്ജിദുൽ ഹറാമിലേക്ക് എത്തി തുടങ്ങിയതോടെ ഗതാഗത നിയന്ത്രണം ശക്തമാക്കി. മസ്ജിദിനകത്തും പുറത്തും വിപുലമായ ക്രമീകരണങ്ങളാണ് ഹറം സുരക്ഷ സേനയും ട്രാഫിക് വിഭാഗവും ഒരുക്കിയിരിക്കുന്നത്.
ഹറമിന് പുറത്തെ പാർക്കിംഗുകളിൽ വാഹനം നിർത്തി അവിടെനിന്ന് ബസുകളിലോ മറ്റ് സൗകര്യങ്ങളിലൂടെയോ ഹറമിനടുത്ത പാർക്കിംഗുകളിലെത്തിക്കും. ശേഷം ഹറമിലേക്ക് നടന്നു പോകാനേ സാധിക്കുകയുള്ളൂ. ജിദ്ദ എക്‌സ്പ്രസ് വേയിലെ ശുമൈസി പാർക്കിംഗിൽ നിന്ന് ബാബ് അലി സ്്‌റ്റേഷൻ, മദീന റോഡിലെ അൽനവാരിയ സ്‌റ്റേഷനിൽ നിന്ന് ജർവൽ സ്‌റ്റേഷൻ, അല്ലൈത്ത് പാർക്കിംഗിൽ നിന്ന് പ്രിൻസ് മിത്അബ് സ്‌റ്റേഷനും അജ്‌യാദ് അൽമസാഫി സ്‌റ്റേഷനും, തായിഫ് റോഡിലെ അൽഹദാ പാർക്കിംഗിൽ നിന്ന് കിഴക്ക് ഭാഗത്തെ ജബൽ അൽകഅ്ബ സ്‌റ്റേഷനിലുമാണ് എത്തേണ്ടത്.
അതേസമയം മസ്ജിദുൽ ഹറമിനുള്ളിൽ തീർഥാടകരുടെ നീക്കം നിയന്ത്രിക്കുന്നതിന് 500 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഉംറ തീർഥാടകരും സന്ദർശകരും കടക്കേണ്ടതും പുറത്തു പോകേണ്ടതുമായ വാതിലുകളും നടപ്പാതകളും ഇവരുടെ നിയന്ത്രണത്തിലാണ്. എൻജിനീയർ റയ്യാൻ സഖ്തിയാണ് പൊതുഭരണ വകുപ്പിന് കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സംഘത്തിന് നേതൃത്വം നൽകുന്നത്.