റിയാദ്- സൗദി അറേബ്യയിൽ ഗതാഗത മേഖലയിൽ നിയമലംഘനങ്ങൾ വർധിക്കുന്നു. ഓഗസ്റ്റ് മാസത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 31,517 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. 2,19,369 ട്രാൻസ്‌പോർട്ട് വാഹനങ്ങളും 235 വിദേശ വാഹനങ്ങളുമാണ് പരിശോധിച്ചത്.
റോഡ് ട്രാൻസ്‌പോർട്ട് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 2146 സന്ദർശനങ്ങൾ നടത്തി. സമുദ്ര ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 2102 പരിശോധനകളും നടത്തി. റോഡ് ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 31517 നിയമലംഘനങ്ങളും സമുദ്രമേഖലയിൽ ആറു നിയമ ലംഘനങ്ങളും കണ്ടെത്തി. ഇതിൽ 2790 ലംഘനങ്ങൾ ക്യാമറകൾ വഴിയാണ് കണ്ടെത്തിയത്.
ഡ്രൈവർ കാർഡില്ലാതെ വാഹനമോടിക്കൽ, ഓപറേറ്റിംഗ് കാർഡില്ലാതെ ട്രാൻസ്‌പോർട്ട് വാഹനം ഓടിക്കൽ, ചരക്ക് നീക്ക രേഖകൾ ഇല്ലാതിരിക്കൽ, ട്രക്കുകളിൽ സുരക്ഷ സ്റ്റിക്കറുകളുടെ അഭാവം, അംഗീകൃത സുരക്ഷ അഭാവം എന്നിവയാണ് കണ്ടെത്തിയ നിയമ ലംഘനങ്ങൾ. ടാക്‌സി, എയർപോർട്ട് ടാക്‌സി, ബസുകൾ എന്നീ മേഖലകളിലും നിയമ ലംഘനങ്ങൾ പിടികൂടിയിരുന്നു. 7504 നിയമ ലംഘനങ്ങളുമായി കിഴക്കൻ പ്രവിശ്യയാണ് മുന്നിൽ. 7069 നിയമ ലംഘനങ്ങൾ റിയാദിലും 6668 നിയമ ലംഘനങ്ങൾ മക്കയിലും 1563 നിയമ ലംഘനങ്ങൾ തബൂക്കിലും റിപ്പോർട്ട് ചെയ്തു.