മക്ക – ഹജ് തീർഥാടകർക്ക് പുണ്യസ്ഥലങ്ങളിൽ സുഖകരമായ യാത്രാനുഭവം സമ്മാനിക്കാൻ ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ മശാഇർ മെട്രോ ഹജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി പരീക്ഷണ സർവീസുകൾ നടത്തുന്നു. ആവശ്യമായ റിപ്പയർ ജോലികൾ നടത്തി തകരാറുകൾ തീർത്ത് ട്രെയിനുകളുടെയും റെയിൽ പാതകളുടെയും കൺട്രോൾ, സുരക്ഷ സംവിധാനങ്ങളുടെയും മറ്റും സുസജ്ജത ഉറപ്പു വരുത്തുകയാണ് പരീക്ഷണ സർവീസുകളിലൂടെ ചെയ്യുന്നത്.
ട്രെയിനുകളിലെ അറ്റകുറ്റപ്പണികൾ നടത്താൻ ഈ വർഷം പുതുതായി 96 ലേറെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ മെയിന്റനൻസ് ഉപകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. മെയിന്റനൻസ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മാസങ്ങളിൽ ഒമ്പതു ട്രെയിനുകൾ പൂർണമായും നവീകരിച്ചു. സ്‌ക്രീനുകളും ശബ്ദസംവിധാനങ്ങളും വഴി യാത്രക്കാരുമായി ആശയവിനിമയം നടത്തുന്ന സംവിധാനങ്ങളും സിഗ്നൽ സംവിധാനങ്ങളും നവീകരിച്ചു.