റിയാദ്- സൗദിയിൽ ലോറികളുടെ ഭാരവും വലുപ്പവും പരിധി ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ കർശന നടപടികളുമായ ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി. ട്രാഫിക് നിയമങ്ങളുടെ ഖണ്ഡിക 23 പ്രകാരം ലോറികളുടെ പരമാവധി നീളം 23 മീറ്ററും വീതി 2.6 മീറ്ററും ഉയരം 2.6 മീറ്ററിലും കൂടുതലാകാൻ പാടില്ല. നീളത്തിലോ ഉയരത്തിലോ വീതിയുടെ കാര്യത്തിലോ പരിധി ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ ആയിരം റിയാൽ പിഴ ചുമത്തും. റോഡുകൾ പൊതുമുതലെന്ന നിലയിൽ ഗൗരവത്തോടെ സൂക്ഷിക്കപ്പെടേണ്ടതാണ്, വാഹനങ്ങളുടെ അമിത ഭാരവും ഉയരവുമെല്ലാം റോഡുകൾക്കും പാലങ്ങൾക്കും നാശം വരുത്തും.
നിയമം അനുശാസിക്കുന്ന തരത്തിൽ ഭാരത്തിന്റെ കാര്യത്തിലെ പരിധിയും കർശനമായി പാലിക്കാൻ ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി ആവശ്യപ്പെട്ടു. ഇതനുസരിച്ച് രണ്ട് ആക്സിൽ ട്രക്കുകളുടെ പരമാവധി ഭാരം 21 ടണ്ണും മൂന്ന് ആക്സിൽ വാഹനങ്ങൾക്ക് 34 ടണ്ണും നാല് ആക്സിൽ വാഹനങ്ങൾക്ക് 42 ടൺ ഭാരവും അഞ്ച് ആക്സിൽ വാഹനങ്ങൾക്ക് 45 ടൺ ഭാരവും കയറ്റാനാകും. ഭാരപരിധി ലംഘിക്കുന്ന വാഹനങ്ങൾക്ക് ഓരോ ക്വിന്റലിനും 200 റിയാലെന്ന തോതിൽ 100000 റിയാൽ വരെ പിഴ ഈടാക്കുമെന്നും അതോറിറ്റി മുന്നറിയിപ്പു നൽകി.