അബഹ: ബിനാമി ബിസിനസ് നടത്തിയ രണ്ടു മലയാളികൾക്ക് ശിക്ഷ വിധിച്ച് സൗദി അറേബ്യ. അബഹ നഗരത്തിലാണ് ഇവർ ബിനാമി ബിസിനസ് നടത്തിയത്. സൗദിയിലെ ക്രിമിനൽ കോടതിയാണ് ഇവർക്ക് ശിക്ഷ വിധിച്ചത്. പെട്രോൾ ബങ്ക് നടത്തിയ രണ്ടു മലയാളികൾക്കും ഇവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്ത രണ്ടു സൗദി പൗരന്മാർക്കും ശിക്ഷ ലഭിച്ചു. പെട്രോൾ പമ്പിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ബിനാമി ബിസിനസ് കണ്ടെത്തിയത്.
മലയാളികളായ നിസാം അബ്ദുറഹ്മാൻ, നിസാർ അബ്ദുറഹ്മാൻ എന്നിവരെയും സൗദി പൗരന്മാരായ ഖാലിദ് അലി അബ്ദുല്ല അബൂസന്ദ, സഅദ് അലി അബ്ദുല്ല അൽശഹ്രി എന്നിവർക്കുമാണ് ശിക്ഷ വിധിച്ചത്. നാലു പേരും പിഴയും അടക്കണം. ഇതിന് പുറമെ ഇവർ നടത്തിയിരുന്ന പെട്രോൾ ബങ്ക് അടച്ചുപൂട്ടാനും ലൈസൻസും കമേഴ്സ്യൽ രജിസ്ട്രേഷനും റദ്ദാക്കാനും കോടതി വിധിച്ചു.
ശിക്ഷിക്കപ്പെട്ട മലയാളികളെ സൗദിയിൽ നിന്ന് നാടുകടത്തും. പുതിയ വിസയിൽ ഇവർക്ക് സൗദിയിലേക്ക് പ്രവേശിക്കാനും സാധിക്കില്ല. പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്താനും കോടതി ഉത്തരവിട്ടു.