മക്ക – തിങ്കളാഴ്ച ഉച്ചയ്ക്ക് മക്കയിലുണ്ടായ വാഹനാപകടത്തിൽ ഉമ്മുൽ ഖുറ സർവകലാശാലയിലെ രണ്ട് വിദ്യാർത്ഥിനികൾ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിദ്യാർത്ഥികളുമായി പോയ ഒരു മിനിബസ്, മഴയിൽ തെന്നിമാറി, റോഡിലെ ട്രാഫിക് ഐലൻഡിലെ ലൈറ്റിംഗ് പോസ്റ്റിൽ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അപകടത്തിൽ മിനിബസ് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളെയും ഡ്രൈവറെയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. മക്കയിലെ ഫോർത്ത് റിംഗ് റോഡിലാണ് അപകടമുണ്ടായത്,
സുരക്ഷാ ഉദ്യോഗസ്ഥരും സൗദി റെഡ് ക്രസൻ്റ് അതോറിറ്റി ടീമുകളും ഉടൻ അപകടസ്ഥലത്തെത്തി. മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഉമ്മുൽ ഖുറ യൂണിവേഴ്‌സിറ്റി പ്രസിഡൻ്റും ജീവനക്കാരും മരണപ്പെട്ട രണ്ട് വിദ്യാർത്ഥികൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും അവരുടെ ദുഃഖിതരായ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അവർ ആശംസിച്ചു.