കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറി ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ രണ്ട് വിദ്യാർഥികൾ തൽക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഹൈദരാബാദ് സ്വദേശികളായ ഇബ്രാഹിം അസ്ഹർ (16), ഹസൻ റിയാസ് (18), അമ്മാർ (13) എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. മൂവരും ദമാം ഇന്ത്യൻ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളും അയൽവാസികളുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇബ്രാഹിം അസ്ഹറും ഹസൻ റിയാസും അപകടസ്ഥലത്ത് തന്നെ മരിച്ചു.
ദമാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മാറിന്റെ നില ഗുരുതരമാണ്. മൃതദേഹങ്ങൾ ദമാം മെിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദമാം ഗവർണർ ഹൗസിന് മുന്നിലുള്ള റോഡിൽ വെച്ചാണ് ചൊവ്വാഴ്ച വൈകിട്ട് അപകടമുണ്ടായത്. അമ്മാറിന്റെ പിതാവിന്റെ കാറുമായി സുഹൃത്തുക്കൾ മൂന്നുപേരും പുറത്തേക്ക് പോയതായിരുന്നു. ഡ്രൈവിംഗ് ലൈസൻസുള്ള ഹസൻ റിയാസാണ് കാർ ഓടിച്ചിരുന്നത്. അതിവേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് മൂവരേയും പുറത്തെടുത്തത്.