മക്ക- റമദാൻ മാസത്തിൽ വിശുദ്ധ ഹറമിൽ തിരക്ക് വർധിച്ചതോടെ ഉംറ നിർവഹിക്കാൻ എത്തുന്നവർക്ക് അനുമതിയുണ്ടോ എന്നുള്ള പരിശോധന കർശനമാക്കി. ഹറമിൽ തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ ഉംറ തീർത്ഥാടനത്തിനുമാണ് പരിശോധന ശക്തമാക്കിയത്. പെർമിറ്റില്ലാത്തവർ ഉംറ നിർവഹിക്കാൻ ഒരു കാരണവശാലും ശ്രമിക്കരുതെന്ന് ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു.
ഉംറ നിർവഹിക്കാൻ പെർമിറ്റ് നിർബന്ധമാണെന്നും ഹജ് മന്ത്രാലയം പുറത്തിറക്കിയ നുസ്‌ക് അപ്ലിക്കേഷൻ വഴിയോ തവക്കൽന സർവീസ് അപ്ലിക്കേഷൻ വഴിയോ ഉംറ പെർമിറ്റുകൾ എളുപ്പത്തിൽ ലഭ്യമാകുമെന്ന് ഹജ് മന്ത്രാലയം വ്യക്തമാക്കി. തിക്കും തിരക്കുമില്ലാതെ പരമാവധി ആളുകൾക്ക് കർമങ്ങൾ ബുദ്ധിമുട്ടില്ലാതെ നിർവഹിക്കാൻ റമദാൻ മാസത്തിൽ ഒരാൾക്ക് ഒരു തവണ മാത്രമേ ഉംറ നിർവഹിക്കാൻ പെർമിറ്റ് ലഭ്യമാകുകയുള്ളൂ. ഇരു ഹറമുകളിലും നമസ്‌കരിക്കാൻ പെർമിറ്റ് എടുക്കേണ്ടതില്ല.