റിയാദ്: ഇറാനിൽ നിന്നുള്ള ആദ്യ ഉംറ തീർഥാടകർ ചൊവ്വാഴ്ച സൗദിയിലെത്തും. നീണ്ട ഇടവേളക്ക് ശേഷമാണ് ഇറാനിൽ നിന്നുള്ള തീർഥാടകർ എത്തുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം ശക്തമായതോടെയാണ് തീർഥാടകരുടെ വരവ് വീണ്ടും ആരംഭിക്കുന്നത്. എട്ട് വർഷത്തിന് ശേഷമാണ് ഇറാനിൽ നിന്നുള്ള തീർഥാടകർ സൗദിയിലെത്തുന്നത്.
ഇറാനിൽ നിന്നുള്ള ആദ്യ ഉംറ സംഘം ചൊവ്വാഴ്ച തെഹ്‌റാനിലെ ഇമാം ഖുമൈനി ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നും സൗദിയിലേക്ക് യാത്ര തിരിക്കും. നീണ്ട എട്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇറാൻ തീർഥാടകർ വീണ്ടും സൗദിയിലെത്തുന്നത്. സൗദി-ഇറാൻ ബന്ധം ഊഷ്മളമായതോടെയാണ് തീർഥാടകരുടെ വരവ് പുനരാരംഭിച്ചത്. ഉംറ തീർഥാടകരുടെ വരവുമായി ബന്ധപ്പെട്ട് സൗദി ഹജ്ജ്-ഉംറ മന്ത്രാലയവുമായി കൂടിയാലോചനകളും ഏകോപനവും നടന്നുകഴിഞ്ഞതായി ഇറാൻ ഹജ്ജ് ആന്റ് പിൽഗ്രിം ഓർഗനൈസേഷൻ അറിയിച്ചു.
550 പേരടങ്ങുന്ന സംഘമാണ് ആദ്യ യാത്രയിൽ ഉണ്ടാകുക. മക്കയിലെത്തുന്ന തീർഥാടകർ അഞ്ച് ദിവസം മക്കയിൽ തങ്ങിയ ശേഷം മദീനയിലേക്ക് യാത്ര തിരിക്കും. അഞ്ച് ദിവസത്തെ മദീന സന്ദർശനം കൂടി പൂർത്തിയാക്കി സംഘം മടങ്ങും. തൊട്ടടുത്ത ദിവസങ്ങളിൽ കൂടുതൽ ഗ്രൂപ്പുകളും ഉംറക്കായി സൗദിയിലെത്തും. ഇറാനിൽ നിന്നും ഈ വർഷം എഴുപതിനായിരം തീർഥാടകർക്ക് ഉംറ നിർവ്വഹിക്കാനാണ് അനുമതി നേടിയിട്ടുള്ളത്.