മക്ക – സൗദിയിൽ പ്രവേശിക്കുന്നത് മുതലാണ് ഉംറ വിസാ കാലാവധി കണക്കാക്കുകയെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. 90 ദിവസമാണ് ഉംറ വിസാ കാലാവധി. ഉംറ വിസാ കാലാവധി എല്ലാവരും കൃത്യമായി പാലിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് തീർഥാടകരിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസാ കാലാവധി ദീർഘിപ്പിക്കാൻ കഴിയില്ലെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കാത്തവർക്കും ഉംറ കർമം നിർവഹിക്കാനും ഇരു ഹറമുകളിലും നമസ്കാരങ്ങൾ നിർവഹിക്കാനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതിന് തീർഥാടകരും വിശ്വാസികളും കൊറോണ ബാധിതരോ കോവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരോ ആകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. നേരത്തെ ഉംറ വിസാ കാലാവധി ഒരു മാസമായിരുന്നു. ഈ വർഷം (ഹിജ്റ 1444) മുഹറം ഒന്നു മുതലാണ് ഉംറ വിസാ കാലാവധി 90 ദിവസമായി ദീർഘിപ്പിച്ചത്. ഇതോടൊപ്പം വിസാ കാലാവധിക്കുള്ളിൽ സൗദിയിലെങ്ങും സ്വതന്ത്രമായി സഞ്ചരിക്കാനും ഏതു അന്താരാഷ്ട്ര വിമാനത്താവളങ്ങളും വഴി രാജ്യത്ത് പ്രവേശിക്കാനും സൗദി അറേബ്യ വിടാനും തീർഥാടകർക്ക് അനുമതി നൽകിയിട്ടുണ്ട്.