റിയാദ് – സൗദിയിൽ സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ ഹായിൽ, അൽബാഹ എന്നീ പ്രവിശ്യകളിലാണെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. 14.6 ശതമാനമാണ് ഇരു പ്രവിശ്യകളിലും തൊഴിലില്ലായ്മ നിരക്ക്. രണ്ടാം സ്ഥാനത്തുള്ള മദീനയിൽ 14.4 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ജിസാനിൽ 14.3 ശതമാനവും നാലാം സ്ഥാനത്തുള്ള ഉത്തര അതിർത്തി പ്രവിശ്യയിൽ 12.3 ശതമാനവും അസീർ, അൽജൗഫ് പ്രവിശ്യകളിൽ 11.9 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്കുകൾ എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
സ്വദേശി വനിതകൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ മദീനയിലാണ്. 30.2 ശതമാനമാണ് ഇവിടെ വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് . രണ്ടാം സ്ഥാനത്തുള്ള ഹായിലിൽ 29.7 ഉം മൂന്നാം സ്ഥാനത്തുള്ള ജിസാനിൽ 26.3 ഉം നാലാം സ്ഥാനത്തുള്ള അൽജൗഫിൽ 26 ഉം അഞ്ചാം സ്ഥാനത്തുള്ള അൽബാഹയിൽ 25.8 ഉം ശതമാനമാണ് തൊഴിലില്ലായ്മ നിരക്കുകളെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സ്വദേശി പുരുഷന്മാർക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ ജിസാനിലാണ്. 7.9 ശതമാനമാണ് ഇവിടെ തൊഴിലില്ലായ്മ അനുഭവിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള അൽബാഹയിൽ 7.2 ഉം മൂന്നാം സ്ഥാനത്തുള്ള മദീനയിൽ 5.8 ഉം നാലാം സ്ഥാനത്തുള്ള ഉത്തര അതിർത്തി പ്രവിശ്യയിൽ 5.6 ഉം അഞ്ചാം സ്ഥാനത്തുള്ള ഹായിലിൽ 5.3 ഉം ശതമാനമാണ് പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്കുകൾ.