റിയാദ്- സൗദി അറേബ്യയിൽ വിദേശ സർവകലാശാലകൾക്ക് ശാഖകൾ തുറക്കാൻ അനുമതി. രാജ്യത്ത് ഉന്നതപഠനത്തിന്റെയും ശാസ്ത്ര ഗവേഷണ സംവിധാനത്തിന്റെയും വികസനം ലക്ഷ്യമാക്കിയാണ് ശാഖകൾ തുറക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയത്.
രാജ്യത്ത് യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസ ഓപ്ഷനുകൾ വൈവിധ്യവത്കരിക്കുക, വികസന ആവശ്യകതകൾ നിറവേറ്റുന്ന വിദ്യാഭ്യാസം നൽകുക എന്നിവ മുൻനിർത്തി സൗദി വിദ്യാഭ്യാസ നയത്തിന്റെ ചട്ടക്കൂടിൽനിന്ന് വിദേശ സർവകലാശാലകൾക്ക് ശാഖകൾ തുറക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ കൗൺസിൽ ഓഫ് യൂനിവേഴ്‌സിറ്റി അഫയേഴ്‌സ് വ്യക്തമാക്കി.
വിദേശ സർവകലാശാല ശാഖ തുറക്കുന്നതിന് അംഗീകാരം നൽകുന്നതിനുള്ള ശുപാർശയിൽ അധ്യയന മീഡിയം പ്രത്യേക ഭാഷയിൽ ആകണമെന്ന് നിബന്ധനയില്ലെങ്കിൽ മാതൃസ്ഥാപനത്തിന്റെ മീഡിയം തന്നെ ഉപയോഗിക്കാവുന്നതാണ്. ഒരു വിദേശ സർവകലാശാല അതിന്റെ ബ്രാഞ്ച് സ്ഥാപിക്കുന്നതിനുള്ള അപേക്ഷ വിദേശ സർവകലാശാലയോ അതിന്റെ പ്രതിനിധിയോ ആണ് കൗൺസിലിന് സമർപ്പിക്കേണ്ടത്. സർവകലാശാലയെക്കുറിച്ചുള്ള വിവരങ്ങളും അതിന്റെ പേരും സ്ഥലവും സ്ഥാപിച്ച തീയതിയും അത് വാഗ്ദാനം ചെയ്യുന്ന സ്‌പെഷ്യലൈസേഷനുകളും മറ്റു ശാഖകളുടെ വിവരങ്ങളും അതോടൊപ്പം നൽകണം.
സർവകലാശാല ശാഖ സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ വിശദീകരിക്കുകയും തെളിയിക്കുകയും ചെയ്യുന്ന പഠന റിപ്പോർട്ടും ഇതോടൊപ്പം സമർപ്പിക്കണം. കൂടാതെ സർവകലാശാല ബ്രാഞ്ച് ഉൾപ്പെടുന്ന കോളേജുകൾ, ഡിപ്പാർട്ട്‌മെന്റുകൾ, ഗവേഷണ യൂനിറ്റുകൾ, സയന്റിഫിക് സ്‌പെഷ്യലൈസേഷനുകൾ എന്നിവയുടെ പ്രസ്താവനയും സമർപ്പിക്കണം.