തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും കേരള മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ മൃതദേഹം മറ്റന്നാൾ സംസ്‌കരിക്കും. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ഇന്ന് വൈകിട്ട് 3.20 നാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്.
വിഎസിന്റെ മൃതദേഹം ഇന്ന് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്ത് പഴയ എകെജി സെന്ററിലേക്ക് കൊണ്ടുപോകും. രാത്രി എട്ടിന് തിരുവനന്തപുരത്ത് വിഎസിന്റെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ദർബാർ ഹാളിലും ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്കും കൊണ്ടുപോകും. വൈകിട്ട് ആലപ്പുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. മറ്റന്നാൾ രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. വൈകിട്ടോടെ സംസ്‌കാരം നടക്കും. പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർദ്ദേശം നൽകി. സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.