റിയാദ്: വാറ്റ് റീഫണ്ട് പദ്ധതിക്ക് തുടക്കം കുറിച്ച് സൗദി അറേബ്യ. ടൂറിസ്റ്റുകൾക്കും ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും വേണ്ടിയുള്ള വാറ്റ് റീഫണ്ട് പദ്ധതിക്കാണ് സൗദിയിൽ തുടക്കമായിരിക്കുന്നത്. സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അംഗീകൃത റീട്ടെയിൽ ഔട്ട്ലെറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന സന്ദർശകർക്ക് വാറ്റ് തുക പൂർണ്ണമായി, അതായത് 15 ശതമാനം തിരികെ ലഭിക്കുന്നതാണ്. രാജ്യത്തെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുക, സന്ദർശകർക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുക.
ഈ സേവനം 1,442 ഔട്ട്‌ലെറ്റുകൾ വഴി ലഭ്യമാകും. 18 വയസ്സിന് മുകളിലുള്ള വിദേശികൾക്കും താൽക്കാലിക ജിസിസി സന്ദർശകർക്കും മാത്രമേ ഈ പ്രയോജനം ലഭിക്കൂ. ഏകദേശം 5000 റിയാലിന് മുകളിലുള്ള വ്യക്തിപരമായ ഉപയോഗത്തിനുള്ള ഉൽപ്പന്നങ്ങൾക്കാണ് വാറ്റ് തുക തിരികെ ലഭിക്കുക. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് പാസ്പോർട്ട് അല്ലെങ്കിൽ ജിസിസി ഐഡി ഉപയോഗിച്ച് അംഗീകൃത റീട്ടെയിൽ ഔട്ട്ലെറ്റിൽ നിന്ന് വാറ്റ് റീഫണ്ട് ഫോം കരസ്ഥമാക്കണം. യാത്രയ്ക്ക് മുൻപ് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളം, ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലെ പ്രത്യേക കൗണ്ടറുകളിൽ നിന്ന് വാറ്റ് റീഫണ്ട് തുക കൈപ്പറ്റാം. പണമായോ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയോ റീഫണ്ട് പണം സ്വീകരിക്കാം. അതേസമയം സൗദി അറേബ്യയിൽ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ, താമസം, ഭക്ഷണം, വാഹനങ്ങൾ, ബോട്ടുകൾ എയർക്രാഫ്റ്റുകൾ, പാനീയങ്ങൾ, ഭക്ഷണ വസ്തുക്കൾ, പുകയില ഉൽപ്പന്നങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്ക് റീഫണ്ട് ബാധകം ആകില്ലെന്നും അധികൃതർ അറിയിച്ചു.