പ്രവാചകൻറെ ഖബറിടം സന്ദർശിക്കാൻ വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് മദീന മുനവ്വറയിൽ എളുപ്പ വഴിയൊരുക്കി അധികൃതർ. ‘സമാധാന പാത’ എന്ന ശീർഷകത്തിൽ സന്ദർശകർക്ക് ആറു മിനിറ്റിൽ ഖബർ സന്ദർശനം പൂർത്തിയാക്കാൻ കഴിയുന്ന വിധത്തിലാണ് ഇരുഹറം കാര്യാലയം പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്. പ്രവാചകൻറെ ഖബറിടത്തിൽ സമാധാനത്തിൻറെ പാത അനിഭവിച്ചറിയൂ എന്ന സന്ദേശമാണ് ഇതുവഴി നൽകുന്നത്.
ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വിശുദ്ധവുമായ ഇസ്ലാമിക കേന്ദ്രങ്ങളിൽ ഒന്നാണ് പ്രവാചകൻറെ പള്ളി എന്ന പേരിലറിയപ്പെടുന്ന മസ്ജിദുന്നബവി. മസ്ജിദുന്നബവിക്ക് പുറത്തുള്ള പ്രവാചകൻറെയും അദ്ദേഹത്തിൻറെ ഉറ്റ മിത്രങ്ങളും ഖലീഫമാരുമായ അബൂബക്കർ സിദ്ദീഖ്, ഉമറുൽ ഫാറൂഖ് എന്നിവരുടെയും ഖബറിടങ്ങൾ സന്ദർശിക്കാനും മസ്ജിദുന്നബവിയിലെ ‘റൗദ’യിൽ പ്രാർഥന നടത്താനും ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾ മദീനയിലെത്തുന്നു. ഈ സാഹചര്യത്തിൽ, സന്ദർശകരുടെ പ്രവേശനം സുഗമമാക്കുന്നതിനും ഈ വിശുദ്ധ സ്ഥലത്ത് അവരുടെ ആത്മീയാനുഭവം മെച്ചപ്പെടുത്തുന്നതിനും അധികൃതർ വിവിധ പദ്ധതികൾ ഊർജിതമാക്കുകയാണ്.