അൽബാഹ: കനത്ത മഴയെ തുടർന്ന് അൽബാഹയിലെ വാദി അൽഅഹ്‌സബ അണക്കെട്ട് തുറന്നു. സമീപത്തെ മലകളിൽ നിന്നും വെള്ളം ക്രമാതീതമായി ഒഴുകിയെത്തി അണക്കെട്ടിൽ വെള്ളം നിറഞ്ഞതാണ് തുറന്നുവിടാൻ കാരണമെന്ന് കൃഷി പരിസ്ഥിതി ജല മന്ത്രാലയം അൽബാഹ ഡയറക്ടർ എൻജിനീയർ ഫഹദ് ബിൻ മിഫ്താഹ് അൽസഹ്‌റാനി അറിയിച്ചു.
മേഖലയിൽ ഇനിയും മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളം തുറന്ന് വിടുന്നത് വഴി കൃഷി സ്ഥലങ്ങളിലെയും മറ്റുമുള്ള കിണറുകളിൽ ജലനിരപ്പ് ഉയരും. സുരക്ഷിത പരിധിയായ രണ്ട് മില്യൺ ക്യുബിക് മീറ്റർ വെള്ളമാണ് ഒഴുക്കിവിടുന്നത്. 12 വർഷം മുമ്പ് കുടിവെളളത്തിനായി നിർമിച്ച മൺ അണക്കെട്ടാണ് വാദി അൽഅഹ്‌സബയിലുളളത്. 825 മീറ്റർ നീളവും 20 മീറ്റർ ഉയരവുമുള്ള ഈ അണക്കെട്ടിന് 11 മില്യൺ ക്യുബിക് മീറ്റർ ശേഷിയുണ്ട്.