റിയാദ് – റിയാദിലെ രണ്ടു സ്വകാര്യ സ്ഥാപനങ്ങളിലെ 57 തൊഴിലാളികൾക്ക് വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും നൽകി. റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖയ്ക്ക് കീഴിലെ തൊഴിൽ തർക്ക അനുരഞ്ജന പരിഹാര വിഭാഗം കമ്പനി അധികൃതരുമായും തൊഴിലാളി പ്രതിനിധികളുമായും നടത്തിയ ചർച്ചയിലാണ് തൊഴിൽ കേസുകൾക്ക് പരിഹാരം സാധ്യമായത്.
അത്തർ-കോസ്‌മെറ്റിക്‌സ്, കോൺട്രാക്ടിംഗ് മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾ വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും തേടി ഒരുമിച്ച് പരാതി നൽകുകയായിരുന്നു. വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും, പ്രയോജനപ്പെടുത്താത്ത അവധികളുടെ വകയിലുള്ള ആനുകൂല്യങ്ങളും തീർത്ത് നൽകി തൊഴിലാളികളുമായുള്ള തൊഴിൽ കരാർ അവസാനിപ്പിക്കാൻ തീരുമാനിച്ചാണ് തൊഴിൽ കേസുകൾ പരിഹരിച്ചത്. വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളുമായി തൊഴിലാളികൾക്ക് രണ്ടു ലക്ഷത്തിലേറെ റിയാൽ ഈടാക്കി നൽകിയതായി റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖ അറിയിച്ചു.