റിയാദ് – സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ ഇടിമിന്നലിനുള്ള സാധ്യത തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് പൗരന്മാരോടും താമസക്കാരോടും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാനും വിവിധ മാധ്യമങ്ങളിലൂടെ വരുന്ന നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും കർശനമായി പാലിക്കാനും ആഹ്വാനം ചെയ്തു.
ഇടിമിന്നലുള്ള സമയത്ത് എല്ലാവരും സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയേണ്ടതും തോടുകൾ, ചതുപ്പുകൾ, താഴ്വരകൾ, വെള്ളം കൂടുന്ന മറ്റ് സ്ഥലങ്ങൾ എന്നിവ ഒഴിവാക്കേണ്ടതും ആവശ്യമാണെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.
മക്ക, അസീർ, ജസാൻ, അൽ-ബാഹ എന്നീ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായേക്കാവുന്ന ശക്തമായ മഴയ്ക്കും വേഗതയേറിയ കാറ്റിനും സാധ്യതയുള്ളതായും സിവിൽ ഡിഫൻസ് ചൂണ്ടിക്കാട്ടി. അതേസമയം മക്ക മേഖലയിൽ തായിഫ്, അൽ ജുമും, ബഹ്റ, അൽ ഖുൻഫുദ, അൽ-ലിത്, അൽ-കാമിൽ, ഖുലൈസ്, മെയ്സാൻ, അദം, അൽ-അർദിയാത്ത് എന്നിവിടങ്ങളിലും മഴ പ്രതീക്ഷിക്കുന്നു.
വാദി അദ്-ദവാസിർ, അസ് സുലൈയിൽ, അൽ ഖുവൈയ്യ, അഫീഫ്, അൽ അഫ്ലാജ്, അൽ മുവായ്, അൽ ഖുർമ, റന്യാഹ് എന്നിവയുൾപ്പെടെ റിയാദ് മേഖലയിൽ പൊടിപടലങ്ങളെ ഇളക്കിവിടുന്ന സജീവമായ കാറ്റിനൊപ്പം നേരിയതോ മിതമായതോ ആയ മഴയ്കും സാധ്യതയുള്ളതായും സിവിൽ ഡിഫൻസ് വ്യക്തമാക്കി.