റിയാദ് – സൗദി അറേബ്യയിൽ വിവിധ പ്രദേശങ്ങൾ തിങ്കളാഴ്ച വരെ ഇടിമിന്നലിന് സാക്ഷ്യം വഹിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.
മക്ക മേഖല, തായിഫ്, മെയ്‌സാൻ, അദം, അൽ-അർദിയാത്ത്, അൽ-കാമിൽ, അസീർ, അൽ-ബഹ, ജസാൻ മേഖലകളെ ഇടിമിന്നൽ ബാധിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെട്രോളജി (എൻസിഎം) പുറപ്പെടുവിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇടിമിന്നലിനൊപ്പം പേമാരി, ആലിപ്പഴം, ശക്തമായ കാറ്റ് കനത്ത മഴ എന്നിവയ്ക്കും സാധ്യതയുള്ളതായും റിപ്പോർട്ടിൽ പറയുന്നു.
മദീന, തബൂക്ക്, നജ്‌റാൻ എന്നീ പ്രദേശങ്ങളിൽ പൊടികാറ്റിനൊപ്പം നേരിയതോ ഇടത്തരമോ ആയ മഴയും ഉണ്ടാകും.
റിയാദ് മേഖലയിൽ ഹൗതത്ത് ബനി തമീം, അൽ-അഫ്‌ലാജ്, അസ് സുലൈയിൽ, അൽ-ഖർജ്, അൽ ഹാരിഖ്, അൽ-ഷർഖിയ മേഖലകളിൽ ഇടത്തരം മഴയും പൊടി കാറ്റും ഉണ്ടാകും.
മഴക്കാലത്ത് ആളുകൾ സുരക്ഷിതമായ സ്ഥലങ്ങളിൽ നിൽക്കണമെന്നും തോടുകളിലേക്ക് അടുക്കുന്നത് ഒഴിവാക്കണമെന്നും അപകടമുണ്ടാക്കുന്ന സ്ഥലങ്ങളിൽ നീന്തരുതെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
അതേസമയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രഖ്യാപിച്ച നിർദ്ദേശങ്ങൾ പാലിക്കാൻ സിവിൽ ഡിഫൻസ് എല്ലാവരോടും ആഹ്വാനം ചെയ്തിട്ടുണ്ട്.