റിയാദ്- സൗദിയുടെ വിവിധ പ്രവിശ്യകളിൽ പൊടിക്കാറ്റും ഇടിയോടു കൂടിയ മഴയും ആലിപ്പഴ വർഷവും ഏതാനും ദിവസംകൂടി തുടർന്നേക്കുമെന്ന് സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജിസാൻ, അസീർ, അൽബാഹ, മക്ക, മദീന പ്രവിശ്യയുടെ തെക്കൻ പ്രദേശങ്ങൾ എന്നിവയാണ് താരതമ്യേന ശക്തമായ മഴയ്ക്കു സാധ്യതയുള്ള പ്രദേശങ്ങളായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. ഇവയിൽ ചില പ്രദേശങ്ങളിൽ കാഴ്ച മറക്കുന്ന രീതിയിൽ മൂടൽ മഞ്ഞിനും സാധ്യതയുള്ളതിനാൽ വാഹന യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
മഴ പെയ്തെങ്കിലും പല പ്രദേശങ്ങളിലും അത്യുഷ്ണം തുടരുകയാണ്. മക്കയിൽ 44 ഡിഗ്രിയും മദീനയിൽ 44 ഡിഗ്രിയും റിയാദിലും ബുറൈദയിലും ജിസാനിലും 41 ഉം ജിദ്ദയിൽ 38 വരെയും ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.