റിയാദ്: ശക്തമായ കാറ്റും പൊടിക്കാറ്റും, വ്യത്യസ്‌ത തീവ്രതയുള്ള ഇടിമിന്നലിനും, മഞ്ഞുവീഴ്‌ചയ്ക്കും സാധ്യതയുള്ളതിനാൽ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കാറ്റ് മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗത കൈവരിക്കുമെന്നും തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി മേഖല, ഹൈൽ, അൽ-ഖാസിം, കിഴക്കൻ പ്രവിശ്യ, റിയാദ് എന്നിവയുടെ ഭാഗങ്ങളിൽ പൊടിക്കാറ്റ് ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
തബൂക്ക് മേഖലയിലെ കൊടുമുടികളിൽ (ജബൽ അൽ-ലൗസ്, അലഖാൻ, അൽ-ദുഹ്‌ർ) ബുധനാഴ്ച മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, ഹൈൽ മേഖലകളിൽ ബുധനാഴ്ച മുതൽ താപനില കുറയുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.
പ്രവചനങ്ങളുടെ അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക ചാനലുകൾ പരിശോധിക്കാൻ നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി പൊതുജനങ്ങളെ അഭ്യർഥിക്കുകയും അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു.