റിയാദ്- സൗദിയിൽ റമദാൻ തുടക്കത്തിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി റിപ്പോർട്ട്. റിയാദ് അടക്കമുള്ള വിവിധ പ്രവിശ്യകളിൽ റമദാൻ മാസത്തിന്റെ തുടക്കത്തിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ കാലാവസ്ഥാ വിദഗ്ധൻ ഉഖൈൽ അൽഉഖൈൽ അറിയിച്ചു.
പൊതുവെ, വിശുദ്ധ റമദാനിൽ കാലാവസ്ഥ അനുകൂലമായിരിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ കാലാവസ്ഥയിൽ സ്ഥിരതയുണ്ടാകും. വിവിധ പ്രവിശ്യകളിൽ ശനി മുതൽ മഴ ആരംഭിക്കും. റിയാദ് പ്രവിശ്യയിൽ അടുത്തയാഴ്ച മധ്യത്തോടെയാണ് മഴ ആരംഭിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ജിസാൻ, അസീർ, അൽബാഹ, മക്ക പ്രവിശ്യയുടെ കിഴക്കു ഭാഗം എന്നിവിടങ്ങളിലെ ഹൈറേഞ്ചുകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുക. റമദാൻ തുടക്കത്തിൽ പകൽ സമയം ശീതോഷ്ണ കാലാവസ്ഥയും രാത്രിയിൽ തണുപ്പുമായിരിക്കും. റമദാൻ അവസാനത്തോടെ മക്കയിലും മദീനയിലും ചൂട് കൂടും. ഉയർന്ന താപനില 40 ഡിഗ്രി വരെയായി ഉയർന്നേക്കുമെന്നും ഉഖൈൽ അൽഉഖൈൽ പറഞ്ഞു.