റിയാദ്: ആറര ലക്ഷം ടൺ ഗോതമ്പ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ ടെണ്ടർ പുറത്തിറക്കി സൗദി അറേബ്യ. ജനറൽ അതോറിറ്റി ഫോർ ഫുഡ് സെക്യൂരിറ്റിയാണ് ടെണ്ടർ പുറത്തിറക്കിയത്. രാജ്യത്ത് ഗോതമ്പ് കൃഷി ചെയ്യാനുള്ള തടസങ്ങൾ, ഭക്ഷ്യ ആവശ്യങ്ങളുടെ വർധന, ധാന്യം സംഭരിക്കുന്ന പദ്ധതി, മില്ലിംഗ് കമ്പനികളുടെ ആവശ്യങ്ങൾ വർധിച്ചത് തുടങ്ങിയവയുടെ ഭാഗമായാണ് ഇറക്കുമതി വർധിപ്പിക്കുന്നത്.
ഈ വർഷം മൂന്നാം തവണയാണ് ഗോതമ്പ് ഇറക്കുമതി ചെയ്യുന്നതിനുള്ള ഔദ്യോഗിക ടെണ്ടർ മന്ത്രാലയം പുറത്തിറക്കുന്നത്. ഈ വർഷം ഓഗസ്റ്റിനും ഒക്ടോബറിനും ഇടയിൽ ഇറക്കുമതി പൂർത്തിയാക്കുന്നതിനായാണ് ടെണ്ടർ. ഇറക്കുമതി ചെയ്യുന്ന ധാന്യം 11 കപ്പലുകളിലായിട്ടായിരിക്കും വിതരണം ചെയ്യുക. ജിദ്ദ ഇസ്ലാമിക് പോർട്ട്, യാമ്പു കൊമേഴ്ഷ്യൽ പോർട്ട്, ദമ്മാം കിംഗ് അബ്ദുൽഅസീസ് പോർട്ട്, ജീസാൻ പോർട്ട് എന്നീ തുറമുഖങ്ങളിലൂടെയായിരിക്കും ഇറക്കുമതിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.