മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കാറ്റാടി ഊർജ്ജ ഉൽപാദന പദ്ധതിക്ക് സൗദിയും ഈജിപ്തും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പുവെച്ചു. ഇതിന്റെ ഭാഗമായി സൗദി കമ്പനിയായ എ.സി.ഡബ്ല്യു.എ ഈജിപ്ഷ്യൻ സർക്കാറുമായാണ് കരാർ ഒപ്പ് വെച്ചത്.
150 കോടി ഡോളർ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി വഴി 1.1 ജിഗാവാട്ട് വൈദ്യതി ഉൽപാദിപ്പിക്കാൻ സാധിക്കും. ഗൾഫ് ഓഫ് സൂയസ്, ജബൽ അൽ സെയ്റ്റ് മേഖലകളിലാണ് പദ്ധതി സ്ഥാപിക്കുക.
കടൽതീര കാറ്റിൽ നിന്നും ഉൽപാദിപ്പിക്കുന്ന ഊർജ്ജം വഴി പ്രതിവർഷം 2.4 ദശലക്ഷം ടൺ കാർബൺ ബഹിർഗമനം കുറക്കാൻ സാധിക്കും. ഒപ്പം 840000 ടൺ ഇന്ധനം ലാഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതി വഴി ഈജിപ്തിലെ പത്ത് ലക്ഷം വീടുകളിൽ വൈദ്യുതി ഉറപ്പ് വരുത്താൻ സാധിക്കും. ഈജിപ്ഷ്യൻ പ്രധാനമന്ത്രി മുസ്തഫ മദ്ബൗലി, ഈജിപ്തിലെ സൗദി അംബാസിഡർ അബ്ദുറഹ്മാൻ സാലേം എന്നിവർ കരാർ കൈമാറ്റ ചടങ്ങിൽ പങ്കാളികളായി.