റിയാദ്: രാജ്യത്ത് ഞായറാഴ്ച്ച മുതൽ തണുപ്പിന്റെ കാഠിന്യം വർധിക്കുമെന്ന് സൗദി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശീത തരംഗം വീശിയടിക്കുന്ന അന്തരീക്ഷം വരും ദിവസങ്ങളിൽ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില പൂജ്യം മുതൽ -3 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നും പ്രതീക്ഷിക്കുന്നതായും ദേശീയ കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലൊക്കെ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ കനത്ത ശൈത്യാവസ്ഥ അനുഭവപ്പെട്ടേക്കാം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അൽ ഖാസിം, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലേക്കും ശീത തരംഗത്തിന്റെ ആഘാതം വ്യാപിക്കാൻ സാധ്യതയുണ്ട്. താപനില 2 ഡിഗ്രി വരെ താഴാമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.
ശൈത്യ ബാധിത പ്രദേശങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. മക്ക, മദീന സമീപപ്രദേശങ്ങളിൽ പകൽ സമയങ്ങളിലാവും കാറ്റ്. കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പുകൾ നിരീക്ഷിക്കണമെന്നും മുൻകരുതലുകൾ എടുക്കണമെന്നും അധികാരികൾ നൽകുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.