ജിദ്ദ- മഹ്‌റമില്ലാതെ സ്ത്രീകൾക്ക് ഹജിന് അവസരം ലഭിക്കും. വനിതാ ഗ്രൂപ്പിന്റെ ഭാഗമായാണ് ഇവർക്ക് അനുമതി നൽകുക. അതേസമയം, സ്ത്രീകളെ അനുഗമിക്കുന്ന മഹ്‌റമിനെ മുൻഗണന വ്യവസ്ഥയിൽനിന്ന് ഒഴിവാക്കുമെന്നും ഹജ് ഉംറ മന്ത്രാലയം അറിയിച്ചു.
ഹജ് രജിസ്‌ട്രേഷന് തുടക്കമായതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതാദ്യമായാണ് വളരെ നേരത്തെ ഹജ് രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്. ഈ വർഷം ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹജ്, ഉംറ മന്ത്രാലയ വെബ്‌സൈറ്റും നുസുക് ആപ്പും വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. വ്യത്യസ്ത വിഭാഗങ്ങളിലായി തീർഥാടകർക്ക് അനുയോജ്യമായ നാലു ഹജ് പാക്കേജുകളാണ് ഇത്തവണയുള്ളത്. ഏറ്റവും കുറഞ്ഞ ഇക്കോണമി പാക്കേജ് നിരക്ക് 3,984 റിയാൽ മുതലാണ് ആരംഭിക്കുന്നത്.
ഹജിന് ബുക്ക് ചെയ്യുന്നവർക്ക് പാക്കേജ് നിരക്ക് ഒറ്റത്തവണയായും മുന്നു തവണ ഗഡുക്കളായും അടക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹജിന് രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതിന് വിദേശികൾക്ക് മിനിമം ദുൽഹജ് മാസം അവസാനം വരെ കാലാവധിയുള്ള ഇഖാമകളും സൗദി പൗരന്മാർക്ക് സൗദി തിരിച്ചറിയൽ കാർഡും ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ഹജ് രജിസ്‌ട്രേഷനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 12 വയസാണ്. മുമ്പ് ഹജ് നിർവഹിക്കാത്തവർക്ക് ഇത്തവണ മുൻഗണന ലഭിക്കും.
ഹജിന് അപേക്ഷിക്കുന്നവർ കൊറോണ വാക്‌സിനേഷനും സീസണൽ ഇൻഫ്ലൂവൻസ വാക്‌സിനേഷനും പൂർത്തിയാക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജിന് യാത്രതിരിക്കുന്നതിനു ചുരുങ്ങിയത് പത്തു ദിവസം മുമ്പ് ക്വാഡ്രപ്പിൾ മെനിഞ്ചൈറ്റിസ് (എ.സി.വൈ.ഡബ്ലിയു) വാക്‌സിൻ സ്വീകരിച്ചത് സ്ഥിരീകരിക്കുന്ന കാലാവധിയുള്ള സർട്ടിഫിക്കറ്റും തീർഥാടകർ നേടണമെന്ന് വ്യവസ്ഥയുണ്ട്.
ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ https://localhaj.haj.gov.sa/ എന്ന ലിങ്കു വഴിയോ നുസുക് ആപ്പ് വഴിയോ സൗദി അറേബ്യക്കകത്തുള്ള സ്വദേശികൾക്കും വിദേശികൾക്കും ഹജിന് രജിസ്റ്റർ ചെയ്യാവുന്നതാണ്.