റിയാദ്- വേൾഡ് എക്സ്പോ 2030 പോരാട്ടത്തിൽ സൗദി അറേബ്യക്ക് വിജയം. മത്സര രംഗത്തുണ്ടായിരുന്ന ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളോട് പൊരുതിയാണ് സൗദി അറേബ്യ 2030 ലെ വേൾഡ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം നേടിയെടുത്തത്.
ദശലക്ഷക്കണക്കിന് സന്ദർശകരെയും ശതകോടികളുടെ ഡോളർ നിക്ഷേപത്തെയും ആകർഷിക്കുന്ന 2030 ലോക മേളക്ക് റിയാദ് നേരത്തെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. 130 രാജ്യങ്ങളാണ് സൗദിയെ പിന്തുണച്ചത്.
മൂന്നു രാജ്യങ്ങളും ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്സ്പോസിഷനിലെ 182 അംഗരാജ്യങ്ങളിൽ നിന്ന് വോട്ട് നേടുന്നതിന് ഏതാനും മാസങ്ങളായി കഠിനപ്രയത്നത്തിലായിരുന്നു. ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കൻ നഗരമായ ബുസാൻ, ഇറ്റലിയിലെ റോം എന്നിവയ്ക്കെതിരെയാണ് സൗദി അറേബ്യയിലെ റിയാദ് മത്സരിച്ചത്. മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യത്തിനും വലിയ ഊന്നൽ നൽകിയാണ് റോം മത്സരിച്ചത്. 1950-53 ലെ കൊറിയൻ യുദ്ധത്തിന് ശേഷം രാജ്യത്തെ ഉയർത്തിക്കൊണ്ടുവരുന്നതിനാണ് 2030 ലോക മേള ബുസാനിൽ നടത്തണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സൂക് യോൾ പറഞിഞ്ഞത്..
ജനറൽ അസംബ്ലി മീറ്റിംഗ് നടക്കുന്നതിന് മുന്നോടിയായി സൗദി അറേബ്യ ഇൻഫർമേഷൻ മന്ത്രാലയം പാരീസിൽ മീഡിയ ഓയാസിസ് എന്ന പേരിൽ എക്സിബിഷൻ സംഘടിപ്പിച്ചുവരികയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച തുടങ്ങി ഇന്ന് (ചൊവ്വ) ആണ് എക്സിബിഷൻ സമാപിച്ചത്. സെപ്തംബർ 9, 10 തിയ്യതികളിൽ ഇന്ത്യയിൽ ജി 20 ഉച്ചകോടിയോടനുബന്ധിച്ച് മീഡിയ ഓയാസിസ് സംഘടിപ്പിച്ച ശേഷമായിരുന്നു പാരീസിൽ പോയത്. റിയാദിലെ വനവത്കരണം, കിംഗ് സൽമാൻ പാർക്ക്, റിയാദ് ആർട്ട്, കിംഗ് സൽമാൻ വിമാനത്താവളം അടക്കമുള്ള പ്രധാന ദേശീയ പദ്ധതികളും സംരംഭങ്ങളും പ്രദർശിപ്പിച്ച് രാജ്യാന്തര മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ രാജ്യം കൈവരിച്ചുവരുന്ന പരിവർത്തനം ഉയർത്തിക്കാട്ടുകയായിരുന്നു മീഡിയ ഓയാസിസ്. അതോടൊപ്പം ജനറൽ അസംബ്ലി യോഗത്തിനെത്തുന്ന പ്രാദേശിക, അന്തർദേശീയ മാധ്യമസ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും ആധുനികവും നൂതനവുമായ മാധ്യമ സേവനങ്ങൾ നൽകാനും മീഡിയ ഓയാസീസ് വേദിയായി. ഇങ്ങളെ സാധ്യമായ എല്ലാ അന്താരാഷ്ട്ര വേദികളിലും എക്സ്പോ 2030 സംഘടിപ്പിക്കാനുള്ള റിയാദിന്റെ അർഹത കാണിച്ചുകൊടുക്കുകയായിരുന്നു സൗദി.
ഇതിന്റെ ഭാഗമായി വിവിധ ലോക രാജ്യങ്ങളുടെ സാമ്പത്തിക മുന്നേറ്റത്തിന് വിവിധ പാക്കേജുകൾ സൗദി പ്രഖ്യാപിച്ചിട്ടുണ്ട്.