ജിദ്ദ – ജിദ്ദയിലെ യമാമ നടപ്പാത പ്രഭാത സവാരിക്കാരുടെയും സായ്ഹ്ന സവാരിക്കാരുടെയും ഇഷ്ടകേന്ദ്രമായി മാറി. ജിദ്ദയിൽ വിദ്യാഭ്യാസ വകുപ്പ് ആസ്ഥാനത്തിനു തെക്കു വശത്തായാണ് മുനിസിപ്പാലിറ്റി ഈ കേന്ദ്രം ഒരുക്കിയത്.
രാവിലെയും വൈകുന്നേരവുമായി താമസക്കാരും സന്ദർശകരുമായ നൂറുകണക്കിനാളുകളാണ് ഇവിടെ നടക്കാനെത്തുന്നത്. 25 മീറ്റർ വീതിയിൽ 1800 മീറ്റർ നീളത്തിലുള്ള നടപ്പാത 45,000 സ്‌ക്വയർ മീറ്ററിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഇരുവശങ്ങളിലും തണൽ നൽകുന്ന മരങ്ങളും വിവിധയിനം ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്. 382 ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ള നടപ്പാതയിൽ 45,000 ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.
52 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന വിശാലമായ സൗകര്യവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ പരിഗണിച്ചുകൊണ്ടുള്ള സൗകര്യങ്ങളാണ് ഇവിടെയൊരുക്കിയിരിക്കുന്നത്. 600 സ്‌ക്വയർ മീറ്ററിൽ മുതിർന്നവർക്കുള്ള വ്യായാമ സ്ഥലവും 1500 സ്‌ക്വയർ മീറ്ററിൽ കുട്ടികൾക്കുള്ള കളിക്കളങ്ങളും 900 സ്‌ക്വയർ മീറ്ററിൽ കുട്ടികൾക്കുള്ള ഗെയിംസ് ഏരിയയുമുണ്ട്.
ആധുനിക സൗകര്യങ്ങളോടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 22 ഓളം നടപ്പാതകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ജിദ്ദ നഗരസഭ ഒരുക്കിയിട്ടുള്ളത്. നഗരത്തിന്റ കാഴ്ച ഭംഗിക്കൊപ്പം പൊതുജനാരോഗ്യത്തിനും പരിഗണന നൽകുകയെന്ന വിഷൻ 2030 ന്റെ ലക്ഷ്യ സാക്ഷാത്കാരത്തിനു വേണ്ടിയാണ് ഇത്തരം പാർക്കുകളും നടപ്പാതകളുമൊരുക്കി നഗരസഭ പ്രയത്‌നിക്കുന്നത്. നിരവധി പാർക്കുകളും നടപ്പാതകളും കളിക്കളങ്ങളും സ്ഥാപിക്കുന്നതിനൊപ്പം സമയബന്ധിതമായി പഴയ പാർക്കുകൾ പുനർയോഗ്യമാക്കുന്ന പദ്ധതിയും നഗരസഭ നടപ്പിലാക്കി വരുന്നുണ്ട്.