ജിദ്ദ: സൗദി അറേബ്യയുടെ വടക്കൻ അതിർത്തി പ്രദേശത്തിന്റെ താഴ്വരയിൽ അപൂർവ ഇനത്തിൽപ്പെട്ട സില്ല ചെടി കണ്ടെത്തി. അത്യപൂർവവും മനോഹരവുമായ സില്ലയുടെ പർപ്പിൾ നിറത്തിലുള്ള പൂക്കളാണ് ഇതിന്റെ ആകർഷണം വർദ്ധിപ്പിക്കുന്നത്. ഷബ്രാം എന്നാണ് സൗദിയിൽ പ്രാദേശികമായി സില്ല അറിയപ്പെടുന്നത്. പ്രാദേശിക ആവാസ വ്യവസ്ഥിതിയിൽ നിർണായക പങ്ക് വഹിക്കുന്ന ചെടിയാണ് സില്ലയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
തേനീച്ചകൾക്ക് പൂന്തേനും കന്നുകാലികൾക്ക്, പ്രത്യേകിച്ച് ഒട്ടകങ്ങൾക്ക് തീറ്റയും നൽകുന്നതിൽ സില്ലയ്ക്ക് വലിയ പങ്കുണ്ട്. ജിദ്ദയുടെ വടക്കൻ അതിർത്തി മേഖലയുടെ ഭൂപ്രകൃതിയിലെ വൈവിധ്യത നിരവധി വ്യത്യസ്തങ്ങളായ സസ്യജാലങ്ങളുടെ വളർച്ചയ്ക്ക് സഹായകമാണെന്ന് അമൻ എൺവയൺമെൻറൽ അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ നാസർ ബിൻ അർഷിദ് അൽ മജ്ലദ് വിശദമാക്കി.
മേഖലയിലെ പ്രകൃതി പാരമ്പര്യം പരിരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ അവബോധം വളർത്തുന്നതിൽ അമാൻ എൺവയൺമെന്റൽ അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണ്. സില്ല പോലുള്ള സസ്യങ്ങളുടെ സൗന്ദര്യവും പാരിസ്ഥിതിക പ്രാധാന്യവും ഉയർത്തിക്കാട്ടുന്നതിലൂടെ പരിസ്ഥിതി സംരക്ഷിക്കാനും ആവശ്യമായ നടപടികളെടുക്കാനും വ്യക്തികളെ പ്രചോദിപ്പിക്കാനും അസോസിയേഷൻ ലക്ഷ്യമിടുന്നുണ്ട്.