ഉഭയകക്ഷി ചർച്ചകൾക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടുത്ത മാസം സൗദി അറേബ്യ സന്ദർശിക്കും. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും. ഈജിപ്ത്, ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങൾക്കൊപ്പം ഗൾഫ് സഹകരണ കൗൺസിലിന്റെ ഉച്ചകോടിയിലും ബൈഡൻ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
സൽമാൻ രാജാവിന്റെ നേതൃത്വത്തെയും അദ്ദേഹത്തിന്റെ ക്ഷണത്തെയും പ്രസിഡന്റ് അഭിനന്ദിക്കുന്നു. ഏകദേശം എട്ട് പതിറ്റാണ്ടായി അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയായ സൗദി അറേബ്യയിലേക്കുള്ള സന്ദർശനം ചരിത്രപ്രാധാന്യമുള്ളതാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങൾ ചർച്ച ചെയ്യും.