റിയാദ്- ലോക ഫുട്ബോളിലെ ഒന്നാം നമ്പർ താരമായ ക്രിസ്റ്റിയാനോ റൊണാൾഡോ റിയാദിലെത്തി. അൽനസർ ക്ലബ്ബിൽ ചേരുന്നതിന് വേണ്ടിയാണ് ക്രിസ്റ്റിയാനോ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന ചടങ്ങിൽ ക്രിസ്റ്റിയാനോയെ ആരാധകർക്ക് മുന്നിൽ ക്ലബ് അവതരിപ്പിക്കും. ക്രിസ്റ്റ്യാനോ എത്തിയത് ഭാര്യക്കൊപ്പമാണ്.
റിയാദിലെ അൽനസർ ക്ലബ്ബുമായി രണ്ടു വർഷത്തെ കരാറിലാണ് റൊണാൾഡോ ഒപ്പ് വെച്ചത്. ചൊവ്വാഴ്ചയാണ് ആരാധകർക്കു മുന്നിൽ മഞ്ഞ ജഴ്സിയിൽ അദ്ദേഹത്തെ അവതരിപ്പിക്കുക. റൊണാൾഡോയുടെ പത്രസമ്മേളനവും ആരാധകരുടെ മുന്നിൽ ആദ്യ പരിശീലന സെഷനുമുണ്ടാവുമെന്നാണ് ലഭിക്കുന്ന സൂചനകൾ. കോച്ച് റൂഡി ഗാർസിയയുമായും റൊണാൾഡൊ സംസാരിക്കും.
വ്യാഴാഴ്ച ഹോം ഗ്രൗണ്ടിൽ അൽതാഇയുമായി അൽനസറിന് മത്സരമുണ്ട്. അതിൽ റൊണാൾഡൊ കളിക്കാനിടയില്ല. 14 ന് അൽശബാബുമായുള്ള റിയാദ് ഡാർബി മത്സരത്തിലാവും റൊണാൾഡോയുടെ അരങ്ങേറ്റം.