ഇറാഖിൽ നിന്ന് കരമാർഗം വരുന്ന ഹജ്ജ് തീർത്ഥാടകർ എത്തിത്തുടങ്ങി. ഉത്തര പ്രവിശ്യയിൽ ഇറാഖ് അതിർത്തിയിൽ രണ്ട് വർഷം മുമ്പ് പണിത പുതിയ ചെക്ക് പോസ്റ്റിലൂടെയാണ് ഹാജിമാർ എത്തിയത്. വനിതകൾ ഉൾപ്പെടെയുള്ള ഹജ്ജ്സംഘത്തെ സാമൂഹിക വികസന വകുപ്പ്, റെഡ് ക്രസന്റ് അധികൃതർ, വളണ്ടിയർമാർ എന്നിവർ മധുരപലഹാരങ്ങൾ നൽകി സ്വീകരിച്ചു. ഹാജിമാർക്ക് സമ്മാനങ്ങൾ നൽകി. വളണ്ടിയർമാരിൽ സ്വദേശി വനിതകൾ അടങ്ങിയ സംഘവുമുണ്ട്. വിഷൻ 2030 ന്റെ ലക്ഷ്യങ്ങളിൽ ഒന്നായ ഒരു ദശലക്ഷം വളണ്ടിയർമാരെ സജ്ജമാക്കുകയെന്ന പദ്ധതി പ്രകാരം സാമൂഹിക വികസന വകുപ്പിന് കീഴിൽ അനവധി യുവതി യുവാക്കൾ മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്. ഇറാഖിൽ നിന്നുള്ള ഹാജിമാർക്ക് ഭക്ഷണം, വിശ്രമം എന്നിവ ഒരുക്കിയിട്ടുണ്ട്. ഹാജിമാരുടെ ആരോഗ്യ സംരക്ഷണത്തിന് ചെക്ക് പോസ്റ്റിൽ ഹെൽത്ത് യൂണി റ്റും പ്രവർത്തിച്ചു വരുന്നു.