ഖമീസ് മുഷൈത്തിലെ സ്ഥാപനത്തിൽ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിൽ ഫ്രീസറിൽ നിന്നും മുതലയെയും കലമാനെയും കഴുകനെയും കണ്ടെത്തി. മിഅ റോഡിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ കേടായ ഭക്ഷണങ്ങൾ വിൽപനക്ക് സൂക്ഷിച്ചതായി അസീർ നഗരസഭക്ക് വിവരം ലഭിച്ചിരുന്നു. ക്യാമ്പ് ഉപയോക്താക്കൾക്കും യാത്രക്കാർക്കും വിതരണം ചെയ്യുന്ന ഭക്ഷണം തയാറാക്കാൻ കേടായ ഇറച്ചിയും ഭക്ഷ്യവസ്തുക്കളും ഉപയോഗിക്കുന്നതായാണ് പരാതി ലഭിച്ചത്. തുടർന്ന് നഗരസഭാ ഇൻസ്പെക്ടർമാർ സ്ഥാപനത്തിൽ പരിശോധന നടത്തുകയായിരുന്നു. കേടായ ഇറച്ചിയുടെയും ഭക്ഷ്യവസ്തുക്കളുടെയും വൻ ശേഖരങ്ങളുടെ കൂട്ടത്തിൽ റെഫ്രിജറേറ്ററുകളിൽ ചത്ത മൃഗങ്ങളെയും ഉദ്യോഗസ്ഥർ കണ്ടെത്തി.
ചത്ത മുതല, കലമാൻ, കഴുകൻ എന്നിവയെ കേടായ ഇറച്ചിക്കൊപ്പം റെഫ്രിജറേറ്റുകളിൽ സൂക്ഷിച്ചതായി കണ്ടെത്തി.
ജീവനുള്ള അഞ്ചു കലമാനുകളെയും സ്ഥാപനത്തിൽ കണ്ടെത്തി. കേടായതും കാലാവധി തീർന്നതുമായ 250 കിലോ ഇറച്ചി സ്ഥാപനത്തിൽ നിന്ന് നഗരസഭാധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു. സ്ഥാപനത്തിൽ ശുചീകരണ നിലവാരം മോശമാണെന്നും പരിശോധനയിൽ വ്യക്തമായി. സ്ഥാപനത്തിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡുകളുണ്ടായിരുന്നുമില്ല. മറ്റു നിയമ ലംഘനങ്ങളും സ്ഥാപനത്തിൽ കണ്ടെത്തി.
സ്ഥാപനം ഉടനടി അടപ്പിച്ച നഗരസഭാധികൃതർ ഇവിടെ കണ്ടെത്തിയ കേടായതും ഉപയോഗ ശൂന്യവുമായ വസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. പരിസ്ഥിതി സുരക്ഷാ സേന, പോലീസ്, സൗദി വൈൽഡ്ലൈഫ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സ്ഥാപനത്തിൽ പരിശോധന നടത്തിയതെന്നും അസീർ നഗരസഭ പറഞ്ഞു.