സൗദി അറേബ്യയുടെ വിനോദ മേഖലയിലെ പുതിയ ചരിത്രമായി മാറിയ ജിദ്ദ സീസൺ 2022 ഇതുവരെ സന്ദർശിച്ചത് 30 ലക്ഷം പേർ. രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നുമുള്ള കുട്ടികളും മുതിർന്നവരും സ്ത്രീകളും പുരുഷന്മാരുമായി വലിയ ആൾക്കൂട്ടമാണ് എല്ലാ ദിവസവും വിവിധ സ്റ്റാളുകളിലേക്ക് ഒഴുകിയെത്തുന്നത്. വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ കൈമാറ്റ ഭൂമികയായ സ്റ്റാളുകളിലേക്കും ആഘോഷ രാവുകളിലേക്കും ആസ്വാദകർ നിറഞ്ഞുവരികയായിരുന്നു. ഒമ്പത് പ്രധാന സോണുകളിലായി 2800 പരിപാടികളാണ് നടന്നത്. വിനോദം, സാഹസികത, സാംസ്കാരിക കൈമാറ്റം തുടങ്ങിയ വിവിധ താൽപര്യങ്ങളും ആഗ്രഹങ്ങളുമായാണ് ആസ്വാദകർ ഇവിടേക്ക് എത്തുന്നത്. ഇത്തരക്കാരെയെല്ലാം സംതൃപ്തിപ്പെടുത്തുന്ന കാഴ്ചാനുഭവങ്ങളും കൗതുകങ്ങളും ആസ്വാദനങ്ങളുമാണ് ഇവിടെ ഒരുക്കിയിരുന്നത്.