ജിദ്ദയിൽനിന്ന് വിമാനതാവളത്തിലേക്ക് അതിവേഗ ബസ് സർവീസ് ഞായർ മുതൽ

IMG_08042022_104913_(1200_x_628_pixel)

ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിലേക്കും തിരിച്ചും ഞായറാഴ്ച മുതൽ അതിവേഗ ബസ് സർവീസ് ആരംഭിക്കുമെന്ന് ജിദ്ദ ട്രാൻസ്‌പോർട്ടേഷൻ കമ്പനി അറിയിച്ചു. ജിദ്ദ എയർപോർട്ട്‌സ് കമ്പനിയുമായും സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി (സാപ്റ്റ്‌കൊ) യുമായും സഹകരിച്ചാണ് പുതിയ സേവനം ആരംഭിക്കുന്നത്. ആഴ്ചയിൽ ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂറും പുതിയ സേവനം നിലവിലുണ്ടാകും. നഗരമധ്യത്തിൽ നിന്ന് ജിദ്ദ എയർപോർട്ട് ഒന്നാം നമ്പർ ടെർമിനലിലേക്കും തിരിച്ചുമുള്ള ബസ് സർവീസുകളും ഒന്നും രണ്ടും ടെർമിനലുകൾക്കിടയിലെ ബസ് സർവീസുകളും മെച്ചപ്പെടുത്താനുള്ള സംയുക്ത സഹകരണത്തിന്റെ ഭാഗമായാണ് പുതിയ സേവനം.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ പെട്ടവർക്കും കുറഞ്ഞ നിരക്കിൽ ഏറ്റവും മികച്ച യാത്രാ സൗകര്യം ഒരുക്കാൻ ശ്രമിച്ചാണ് പുതിയ സേവനം ആരംഭിക്കുന്നത്. ജിദ്ദ എയർപോർട്ടിൽ നിന്ന് നഗര കേന്ദ്രത്തിലേക്കും തിരിച്ചുമുള്ള അതിവേഗ ബസ് സർവീസിന് ടിക്കറ്റ് നിരക്ക് 15 റിയാലിൽ കവിയില്ല. ജിദ്ദ ട്രാൻസ്‌പോർട്ടേഷൻ കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഉസാമ അബ്ദുവും ജിദ്ദ എയർപോർട്ട്‌സ് കമ്പനി സി.ഇ.ഒ എൻജിനീയർ റയാൻ ത്വറാബ്‌സൂനിയും സാപ്റ്റ്‌കൊ സി.ഇ.ഒ എൻജിനീയർ ഖാലിദ് അൽഹുഖൈലും നേരത്തെ ഒപ്പുവെച്ച കരാറിന്റെ ഭാഗമായി കൂടിയാണ് പുതിയ സേവനം ആരംഭിക്കുന്നത്. ജിദ്ദ എയർപോർട്ടിലെ ബസ് സ്റ്റേഷനും ബലദിലെ സാപ്റ്റ്‌കൊ ബസ് സ്റ്റേഷനും പുറമെ ഫ്‌ളമിംഗോ മാൾ, അൽഅന്ദലുസ് മാൾ എന്നിവക്കു സമീപവും മദീന റോഡിൽ ബഗ്ദാദിയ ഡിസ്ട്രിക്ടിലും അതിവേഗ ബസ് സർവീസുകൾക്ക് സ്റ്റോപ്പുകളുണ്ടാകും. അതിവേഗ സർവീസിന് 33 സീറ്റുകളോടെ പ്രത്യേകം രൂപകൽപന ചെയ്ത ബസുകളിൽ വികലാംഗർക്കുള്ള സീറ്റുകളും ലഗേജുകൾ സൂക്ഷിക്കുന്നതിനുള്ള ഒഴിഞ്ഞ സ്ഥലങ്ങളുമുണ്ട്. ജിദ്ദ എയർപോർട്ടിലെ പ്രത്യേകം നിശ്ചയിച്ച കേന്ദ്രങ്ങളിൽ നിന്നും സാപ്റ്റ്‌കൊ ആപ്പ് വഴിയും എയർപോർട്ടിലേക്കും തിരിച്ചുമുള്ള അതിവേഗ ബസ് സർവീസുകളുടെ ടിക്കറ്റുകൾ എളുപ്പത്തിൽ ലഭിക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!