ജീവനക്കാരെ തൊഴിലുടമ ഹുറൂബ് (ഒളിച്ചോടിയതായി രജിസ്റ്റര്‍ ചെയ്യല്‍) ആക്കിയാല്‍ നിബന്ധനകള്‍ക്ക് വിധേയമായി തൊഴിലുടമയുടെ സമ്മതമില്ലാതെ ഹുറൂബ് നീക്കാമെന്ന് സൗദി മാനവശേഷി സാമൂഹിക വികസനമന്ത്രാലയം. ഹുറൂബ് ആക്കിയ സ്ഥാപനത്തിന് നാലില്‍ ഏതെങ്കിലുമൊരു സാഹചര്യം വന്നു ചേര്‍ന്നാല്‍ ഹൂറൂബ് നീക്കി നല്‍കുമെന്ന് മന്ത്രാലയം ലേബര്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ മജീദ് അല്‍റശൂദി പറഞ്ഞു.
രജിസ്റ്റ്രേഷന്‍ റദ്ദാക്കപ്പെട്ട് പ്രവര്‍ത്തനരഹിതമായ സ്ഥാപനം, 30 ദിവസത്തിനകം മക്തബുല്‍ അമലില്‍ ഫയല്‍ തുറക്കാത്ത പുതിയ സ്ഥാപനം, 80 ശതമാനം തൊഴിലാളികള്‍ക്ക് വേതന സുരക്ഷ പദ്ധതി പ്രകാരം ശമ്പളം നല്‍കാത്ത ചുവപ്പ് വിഭാഗത്തിലുള്ള സ്ഥാപനം, 75 ശതമാനം ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്താത്ത ചുവപ്പ് കാറ്റഗറിയിലുള്ള സ്ഥാപനം എന്നിങ്ങനെയാണ് ഹുറൂബ് തൊഴിലുടമയുടെ സമ്മതമില്ലാതെ നീക്കാന്‍ അനുമതി നല്‍കുന്ന സാഹചര്യങ്ങള്‍. ഈ നാലിന് പുറമെയുള്ള അവസ്ഥകളില്‍ ഹുറൂബ് നീക്കം ചെയ്യുന്നതിന് തൊഴിലുടമയുടെ സമ്മതം ആവശ്യമാണ്.
ജീവനക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിന് ആവശ്യമായ മുഴുവന്‍ ചെലവുകളും വഹിക്കുമെന്ന ചേംബര്‍ അറ്റസ്റ്റ് ചെയ്ത ലെറ്റര്‍ സ്‌പോണ്‍സര്‍ഷിപ് മാറ്റാനുള്ള അപേക്ഷയോടൊപ്പം വേണമെന്നും അദ്ദേഹം പറഞ്ഞു.