തൊഴിൽ കരാറുകൾ അവസാനിപ്പിക്കുമ്പോൾ മൂന്നു സാഹചര്യങ്ങളിൽ തൊഴിലാളിക്കും തൊഴിലുടമക്കും നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. നിയമാനുസൃത കാരണത്താൽ കരാർ അവസാനിപ്പിക്കുകയും കക്ഷികളിൽ ഒരാൾ നോട്ടീസ് കാലം പാലിക്കാതിരിക്കുകയും ചെയ്താൽ നോട്ടീസ് കാലത്തെ വേതനത്തിന് തുല്യമായ തുക എതിർ കക്ഷിക്ക് നഷ്ടപരിഹാരം ലഭിക്കാൻ അവകാശമുണ്ട്.
കാലാവധി നിർണയിക്കാത്ത തൊഴിൽ കരാർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന പക്ഷം 60 ദിവസത്തിൽ കുറയാത്ത കാലം മുമ്പ് തൊഴിലാളി തൊഴിലുടമക്ക് നോട്ടീസ് നൽകിയിരിക്കണം. പ്രതിമാസ അടിസ്ഥാനത്തിൽ വേതനം ലഭിക്കാത്ത തൊഴിലാളികൾ കരാർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന പക്ഷം 30 ദിവസത്തിൽ കുറയാത്ത കാലം മുമ്പാണ് തൊഴിലുടമക്ക് നോട്ടീസ് നൽകേണ്ടത്. തൊഴിലാളിയുമായുള്ള കരാർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന തൊഴിലുടമകൾക്കും ഇതേ വ്യവസ്ഥകൾ ബാധകമാണ്.
നിയമാനുസൃതമല്ലാത്ത കാരണത്താലാണ് തൊഴിൽ കരാർ അവസാനിപ്പിക്കുന്നതെങ്കിലും കരാറിൽ നഷ്ടപരിഹാരം പ്രത്യേകം നിർണയിച്ചിട്ടില്ലെങ്കിലും കാലാവധി പ്രത്യേകം നിർണയിക്കാത്ത തൊഴിൽ കരാർ ആണെങ്കിലും ഓരോ വർഷത്തെയും സർവീസിന് 15 ദിവസത്തെ വേതനം വീതമാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഇത്തരം സാഹചര്യങ്ങളിൽ നഷ്ടപരിഹാര തുക രണ്ടു മാസത്തെ വേതനത്തിൽ കുറവാകാൻ പാടില്ല. നിയമാനുസൃതമല്ലാത്ത കാരണത്താലാണ് തൊഴിൽ കരാർ അവസാനിപ്പിക്കുന്നതെങ്കിലും കരാറിൽ നഷ്ടപരിഹാരം പ്രത്യേകം നിർണയിച്ചിട്ടില്ലെങ്കിലും തൊഴിൽ കാലാവധി പ്രത്യേകം നിർണയിച്ച കരാറാണെങ്കിലും കരാറിൽ ശേഷിക്കുന്ന കാലത്തെ വേതനത്തിന് തുല്യമായ തുകയാണ് തൊഴിലാളിക്ക് നഷ്ടപരിഹാരമായി നൽകേണ്ടത്. ഇത്തരം സാഹചര്യങ്ങളിലും നഷ്ടപരിഹാരത്തുക രണ്ടു മാസത്തെ വേതനത്തിൽ കുറവാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.