മക്കയിൽ ഇന്ന് KMCC സംഘടിപ്പിച്ച സമൂഹ നോമ്പു തുറ പൊതു ജന പങ്കാളിത്തം കൊണ്ടും സംഘാടന മികവു കൊണ്ടും ശ്രദ്ധേയമായി. ആയിരക്കണക്കിനാളുകൾ ഒഴുകിയെത്തിയ മെഗാ ഇഫ്താർ സംഗമം ഒരു നവ്യാനുഭവവും, ചരിത്രവും സൃഷ്ടിച്ചു. പ്രവാസ ലോകത്തു തന്നെ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ നോമ്പുതുറകളിൽ ഒന്നായി വീണ്ടും ഇത് അടയാളപ്പെടുത്തി . ഒരാഴ്ചയായി നടത്തി വരുന്ന കുറ്റമറ്റ ചിട്ടവട്ടങ്ങളുടെ പരിസമാപ്തിയാണ് ഇന്ന് കാക്കിയ ഖസറുദ്ധീറ ഓഡിറ്റോറിയത്തിൽ പര്യവസാനിച്ചത്.
കാരക്കയും,വെള്ളവും, പഴങ്ങളും, പഴച്ചാറുകളും, പലഹാരങ്ങളും കൊണ്ട് നോമ്പ് തുറന്ന് നമസ്കാരം കഴിയുന്നതിനു മുൻപ് തന്നെ മലയാളികളുടെ ഇഷ്ട വിഭവങ്ങളായ പത്തിരി, ചപ്പാത്തി, പൊറോട്ട, ഇടിയപ്പം,ബീഫ്കുറുമയും, വെജിറ്റബിൾ കുറുമയും, മന്തിയും, ഒട്ടക കറിയും, മട്ടൻക്കറിയുമല്ലാം ആവി പടർത്തി ബൊഫെയിൽ എത്തി. രുചി കൂട്ടിൻ്റെ ഒരു വിസ്മയലോകം തന്നെ തുറന്നപ്പോൾ തനി നാടൻ നോമ്പുതുറ ഈ അറേമ്പ്യൻ ഭൂമികയിൽ ആസ്വാദിക്കാനായതിൻ്റെ സന്തോഷത്തിലായിരുന്നു മക്കയിലെ മലയാളികൾ.
നൂറിലധികം ഹരിത വസ്ത്രധാരികളായ വളണ്ടിയർമാർ നേതാക്കളുടെ നിതാന്ത ജാഗ്രതയിൽ എണ്ണ ഇട്ട യന്ത്രം പോലെ ചലിച്ചപ്പോൾ സമയ നിഷ്ഠമായി പഴുതുകളടച്ച വിരുന്നൊരുക്കാൻ സംഘാടകർക്കായി .
സൗദി പൗരപ്രമുഖരും,വിദേശികളും, വിവിധ സംഘടനാ പ്രതിനിധികളും വ്യവസായ പ്രമുഖരും, ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിന് മക്ക കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ജനറൽ സെക്രെട്ടറി മുജീബ് പൂക്കോട്ടൂർ. സുലൈമാൻ മാളിയേക്കൽ, മുഹമ്മതലി മൗലവി,മുസ്തഫ മുഞ്ഞകുളം,ഹാരിസ് പെരുവള്ളൂർ ,നാസർ കിൻസാറ,കുഞ്ഞാപ്പപൂക്കോട്ടൂർ. തുടങ്ങിയവർക്ക്പുറമേ വിവിധഏരിയകമ്മിറ്റി നേതാക്കളും മറ്റും നേതൃത്വം നൽകി .