മക്ക ബസ് പദ്ധതിയുടെ മൂന്നാം ഘട്ടം പരീക്ഷണ സർവീസുകൾ ആരംഭിച്ചതായി മക്ക റോയൽ കമ്മീഷനു കീഴിലെ യൂനിഫൈഡ് ട്രാൻസ്പോർട്ടേഷൻ സെന്റർ . മൂന്നു റൂട്ടുകളിലാണ് പുതുതായി പരീക്ഷണ സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. ഹറം ഏരിയ, അൽഅവാലി, ഫോർത്ത് റിംഗ് റോഡ്, അൽറാശിദിയ എന്നീ നാലു പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ച് 5, 8, 9 റൂട്ടുകളിലാണ് മൂന്നാം ഘട്ടത്തിൽ പരീക്ഷണ സർവീസുകൾ തുടങ്ങിയിരിക്കുന്നത്.
മൂന്നാം ഘട്ട സർവീസുകൾക്ക് 55 ബസുകൾ ഒരുക്കിയിട്ടുണ്ട്. ഇവ ദിവസേന 22 മണിക്കൂർ പ്രവർത്തിക്കുന്നു. മൂന്നാം ഘട്ടത്തിൽ 132 ഡ്രൈവർമാരെ നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് മികച്ച പരിശീലനം നൽകുകയും ആവശ്യമായ ലൈസൻസുകളും പ്രൊഫഷനൽ സർട്ടിഫിക്കറ്റുകളും അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാം ഘട്ട സർവീസ് ആരംഭിച്ചതോടെ മക്ക ബസ് പദ്ധതിക്കു കീഴിലെ ബസുകൾക്ക് നിർണയിച്ച സ്റ്റോപ്പുകൾ 161 ആയി ഉയർന്നു.
അഞ്ചാം റൂട്ടിൽ ഹറം, അജ്യാദ്, അൽറവാബി, കുദയ്, അൽഹിജ്റ, തേഡ് റിംഗ് റോഡ്, അൽജാമിഅ, അൽനസീം, അൽഅവാലി, അൽശിശ എന്നിവിടങ്ങളിലും എട്ടാം റൂട്ടിൽ സുലൈമാനിയ, അൽജുമൈസ, അൽമആബിദ, അൽറൗദ, അസീസിയ, ഹറം, അൽസഹ്റാ, അൽദിയാഫ, അൽസാഹിർ, ഉമ്മുൽജൂദ്, ഫോർത്ത് റിംഗ് റോഡ് എന്നിവിടങ്ങളിലും ഒമ്പതാം റൂട്ടിൽ അൽറാശിദിയ, അൽഖദ്റാ, അൽമുഅയ്സിം, ഫോർത്ത് റിംഗ് റോഡ്, മിന, അസീസിയ, അൽജാമിഅ, അൽമശാഇർ, അൽനസീം, അൽഅവാലി, അൽശിശ എന്നിവിടങ്ങളിലുമാണ് ബസുകൾക്ക് സ്റ്റോപ്പുകൾ നിർണയിച്ചിരിക്കുന്നത്.
മക്കയിൽ യാത്രകൾക്ക് കാറുകൾ ആശ്രയിക്കുന്നതും കാർബൺ ബഹിർഗമനവും പരിസ്ഥിതി മലിനീകരണവും ഗതാഗതക്കുരുക്കുകളും കുറക്കാനാണ് യൂനിഫൈഡ് ട്രാൻസ്പോർട്ടേഷൻ സെന്റർ ശ്രമിക്കുന്നത്. ഇത് മക്കയിൽ ശരാശരി യാത്രാ സമയം കുറക്കുന്നതിലും അനുകൂലമായി പ്രതിഫലിക്കും.
അഗ്നിശമന സംവിധാനം, ഫസ്റ്റ് എയിഡ്, നിരീക്ഷണ ക്യാമറകൾ, കൂട്ടിയിടിക്കൽ ഒഴിവാക്കുന്ന സംവിധാനം, ലക്ഷ്യസ്ഥാനങ്ങളും സമയവും പ്രദർശിപ്പിക്കുന്ന ഇ-സ്ക്രീനുകൾ, വികലാംഗരെ എളുപ്പത്തിൽ കയറാൻ സഹായിക്കുന്ന ഹൈഡ്രോളിക് സംവിധാനം, ബേബി ട്രോളികളും വീൽചെയറുകളും സൂക്ഷിക്കാൻ മതിയായ സ്ഥലം, വൈഫൈ ഇന്റർനെറ്റ്, യാത്രാ വിവരങ്ങൾ അറിയിക്കുന്ന ഓഡിയോവിഷ്വൽ സംവിധാനം എന്നിവയെല്ലാമുള്ള ബസുകളാണ് മക്ക ബസ് പദ്ധതിയിൽ സർവീസിന് ഉപയോഗിക്കുന്നത്.