ജിദ്ദ- രാവിലെ മുതല്‍ നഗത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന കനത്ത മഴ വിമാനസര്‍വീസുകളെയും ബാധിച്ചു. പല വിമാനങ്ങളും ഇറക്കാൻ കഴിയാതെ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയാണ്. കൂടാതെ ഇവിടെ നിന്ന് പുറപ്പെടേണ്ട വിമാനങ്ങളുടെ സമയവും പുനഃക്രമീകരിക്കുകയാണ്.
പുതിയ സമയക്രമമറിയുന്നതിനായി യാത്രക്കാര്‍ അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അതേസമയം റോഡില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുതുന്നതിനായി സിവില്‍ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ ചെറിയ ബോട്ടുകളുമായി രംഗത്തുണ്ട്. പെട്ടെന്നുണ്ടായ വെള്ളക്കെട്ട് കാരണം നിരവധി വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടക്കുകയാണ്.
രാത്രി എട്ട്മണിവരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ജിദ്ദ, ബഹ്‌റ, മക്ക പ്രവിശ്യയുടെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് കനത്ത മഴ തുടരുന്നത്. കാറ്റും മഞ്ഞുവീഴ്ചയും ഇടിമിന്നലും ചില പ്രദേശങ്ങളിലുണ്ട്. അതോടൊപ്പം കടൽ പ്രക്ഷുബ്ധമാകുന്നത് ആശങ്ക ജനകമാണ്.