റമദാൻ മാസത്തിൽ റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാൻ 5,17,702 പെർമിറ്റുകൾ അനുവദിക്കും. രാവിലെയുള്ള നേരങ്ങളിൽ പുരുഷന്മാർ 38-ാം നമ്പർ കവാടം വഴിയും വൈകീട്ട് രണ്ടാം നമ്പർ കവാടം വഴിയുമാണ് റൗദ ശരീഫിലേക്ക് പ്രവേശിക്കേണ്ടത്. രാവിലെ സമയങ്ങളിൽ സ്ത്രീകൾ 24-ാം നമ്പർ കവാടം വഴിയും വൈകീട്ട് 24, 37 നമ്പർ കവാടങ്ങൾ വഴിയും റൗദ ശരീഫിൽ പ്രവേശിക്കനാമെന്നും അധികൃതർ അറിയിച്ചു.
പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്തുന്നതിന് ഒന്നാം നമ്പർ കവാടമായ അൽസലാം കവാടമാണ് നിർണയിച്ചിരിക്കുന്നത്. തിക്കും തിരക്കും ഒഴിവാക്കുന്നതിന് പ്രത്യേക ട്രാക്കുകളിലൂടെ ഇവരുടെ നീക്കം ക്രമീകരിക്കും. പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്തുന്നതിന് റമദാനിൽ മുൻകൂട്ടി ബുക്ക് ചെയ്ത് പെർമിറ്റ് നേടേണ്ടതില്ലെന്നും, എന്നാൽ റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്ത് പെർമിറ്റ് നേടൽ നിർബന്ധമാണെന്നും അവർ അറിയിച്ചു.