ലണ്ടൻ: ഓസ്ട്രിയയിൽ ട്രെയിനിടിച്ച് സൗദി പൗരനും കുഞ്ഞിനും ദാരുണാന്ത്യം. പടിഞ്ഞാറൻ ഓസ്ട്രിയയിലാണ് കാറിൽ ട്രെയിൻ തട്ടി സൗദി പൗരനും നാല് വയസ്സുള്ള കുട്ടിയും മരിച്ചതായി വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം റെയിൽവേ ട്രാക്കിൽ കുടുങ്ങുകയായിരുന്നു. കുടുംബം ഒപ്പമുണ്ടായിരുന്നു. ഭർത്താവ് ഭാര്യയെയും രണ്ട് കുട്ടികളെയും കാറിൽ നിന്ന് പുറത്തിറക്കി. എന്നാൽ ചൈൽഡ് സീറ്റിൽ നിന്ന് നാല് വയസ്സുകാരനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ട്രെയിൻ വാഹനത്തെ ഇടിക്കുകയായിരുന്നു.
മരിച്ചയാളുടെ ബന്ധുവായ മുഹമ്മദ് അൽ ഷെരീഫാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അപകടത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. വ്യാഴാഴ്ച കുട്ടിയുടെ മരണം ഓസ്ട്രിയൻ പോലീസ് അറിയിച്ചു. പിതാവിനെ സെന്റ് ജോഹാനിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. 34 കാരിയായ അമ്മയും 7 ഉം 11 ഉം വയസ്സുള്ള മറ്റ് രണ്ട് കുട്ടികളും അപകടത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.