റിയാദ്- മധ്യറിയാദ് ഡിസ്ട്രിക്ടുകളിലെ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ റിയാദ് നഗരസഭ അടക്കം വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഉള്‍പ്പെടുത്തി രൂപീകരിച്ച സംയുക്ത കണ്ട്രോള് റൂം നടത്തിയ റെയ്ഡുകൾ നടത്തി. ഇതുവരെ ആറായിരത്തിലേറെ നിയമ ലംഘകര്‍ പിടിയിലായതായി റിയാദ് നഗരസഭ അറിയിച്ചു. 2021 ഒക്ടോബര്‍ 26 മുതല്‍ ഇക്കഴിഞ്ഞ നവംബര്‍ 20 വരെയുള്ള കാലയളവില്‍ റിയാദ് നഗരസഭയും 14 സര്‍ക്കാര്‍ വകുപ്പുകളും സംയുക്തമായി നടത്തിയ റെയ്ഡുകളില് 6,059 നിയമ ലംഘകരാണ് പിടിയിലായത്.
ഏകദേശം 9,126 വ്യാപാര കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലുമാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്.
നിയമ ലംഘനങ്ങള്‍ക്ക് 4,114 സ്ഥാപനങ്ങള്‍ക്കും കേന്ദ്രങ്ങള്‍ക്കും വാണിംഗ് നോട്ടീസുകള്‍ നല്‍കുകയും നിരവധി സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും ചെയ്തു. റെയ്ഡുകള്‍ക്കിടെ 1,043 ടണ്‍ ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്. അതോടൊപ്പം ഉപയോഗശൂന്യമായ 31,518 കിലോ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.
കൂടാതെ 183 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അതേസമയം നിയമ വിരുദ്ധമായ 5,862 മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകളും ഒരു വര്‍ഷത്തിനിടെ മധ്യറിയാദ് ഡിസ്ട്രിക്ടുകളില്‍ നടത്തിയ പരിശോധകള്‍ക്കിടെ പിടിച്ചെടുത്തതായി റിയാദ് നഗരസഭ അറിയിച്ചു.