തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ആക്ടിംഗ് മീഡിയ മന്ത്രി ഡോ. മാജിദ് അല്‍ഖസബിയാണ് രാജാവിന്റെ പെരുന്നാള്‍ സന്ദേശം ടി.വിയിലൂടെ വായിച്ചത്. ഉന്നതമായ ധാര്‍മികത, സൗഹാര്‍ദം, സാഹോദര്യം, സഹിഷ്ണുത, മാപ്പ് നല്‍കല്‍ എന്നിവക്കുള്ള അവസരമായി ഈദിനെ അല്ലാഹു മാറ്റിയിരിക്കുന്നു. ഇരു ഹറമുകളുടെയും പരിചരണവും, ഹജ്, ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും സുഖസൗകര്യങ്ങള്‍ക്കു വേണ്ടിയും അവര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാനും കഠിന പ്രയത്‌നം ചെയ്യുന്നത് നമുക്കെല്ലാവര്‍ക്കും അഭിമാനമാണ്.
അല്ലാഹു തെരഞ്ഞെടുത്ത് ഏല്‍പിച്ച ഈ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സര്‍വവിഭവങ്ങളും രാജ്യം പ്രയോജനപ്പെടുത്തുന്നു. വിശുദ്ധ ഹറമിന്റെയും മസ്ജിദുന്നബവിയുടെയും പൂര്‍ണ ശേഷികള്‍ വീണ്ടും പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. വിശുദ്ധ റമദാനില്‍ ഉംറ തീര്‍ഥാടകരും വിശ്വാസികളും സന്ദര്‍ശകരും ഇരു ഹറമുകളിലും ഒഴുകിയെത്തിയത് സന്തോഷം പകര്‍ന്നു. മഹാമാരി വ്യാപനം നേരിടാനും പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനും ഏറ്റവും ഉയര്‍ന്ന ഉത്തരവാദിത്തത്തോടെ സൗദി അറേബ്യ പ്രവര്‍ത്തിച്ചു.
ജീവിതത്തിന്റെ ഭൂരിഭാഗം തലങ്ങളിലും ഇത് ക്രിയാത്മക ഫലം നല്‍കി. സ്വദേശികളും വിദേശികളും കാണിച്ച ഉയര്‍ന്ന അവബോധവും മഹാമാരിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളോടുള്ള വേഗത്തിലുള്ള പ്രതികരണവും വലിയ പ്രതിബദ്ധതയും മുഴുവന്‍ മേഖലകളിലെയും ജീവനക്കാരുടെ സ്തുത്യര്‍ഹമായ കൃത്യനിര്‍വഹണവുമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. അതിര്‍ത്തികളിലും ഫീല്‍ഡുകളിലും സേവനമനുഷ്ഠിക്കുന്ന സുരക്ഷാ സൈനികരെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നു. സൈനിക, സിവില്‍ മേഖലകളില്‍ ആത്മാര്‍ഥമായി സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നന്ദി പ്രകടിപ്പിക്കുന്നതായും രാജാവ് പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.