വെള്ളിയാഴ്ച ഹറംകാര്യ വകുപ്പ് തീർഥാടകർക്കും വിശ്വാസികൾക്കുമിടയിൽ 5,000 ഓളം കുടകൾ സൗജന്യമായി വിതരണം ചെയ്തു. ത്വവാഫ് നിർവഹിക്കുന്നതിനിടെ തീർഥാടകർക്ക് കടുത്ത വെയിലിൽനിന്ന് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ട് മതാഫിലാണ് കുടകൾ വിതരണം ചെയ്തത്. ഹറം ജീവനക്കാർക്കും കുടകൾ വിതരണം ചെയ്തു. വിശുദ്ധ ഹറമിലെത്തുന്ന വിശ്വാസികളെയും തീർഥാടകരെയും ലക്ഷ്യമിട്ട് ഹറംകാര്യ വകുപ്പ് നടപ്പാക്കുന്ന ഒരുകൂട്ടം പദ്ധതികളുടെ ഭാഗമായാണ് സൗജന്യ കുട വിതരണമെന്ന് ഹറംകാര്യ വകുപ്പിനു കീഴിലെ സാമൂഹിക സേവന വിഭാഗം മേധാവി ജനാദി ബിൻ അലി മുദഖലി പറഞ്ഞു.