തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപഹാരമെന്നോണം വിശുദ്ധ റമദാനിൽ ലോക രാജ്യങ്ങളിലെ മുസ്ലിംകൾക്കിടയിൽ നടത്തുന്ന സൗജന്യ ഈത്തപ്പഴ വിതരണ പദ്ധതി ഇസ്ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ഉദ്ഘാടനം ചെയ്തു. വിദേശങ്ങളിലെ സൗദി എംബസികളുമായും റിലീജ്യസ് അറ്റാഷെകളുമായും ഇസ്ലാമിക് സെന്ററുകളുമായും സഹകരിച്ച് കൊറോണയുമായി ബന്ധപ്പെട്ട ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് ഏറ്റവും മുന്തിയ ഇനം ഈത്തപ്പഴമാണ് വിതരണം ചെയ്യുക. ഗുണഭോക്താക്കളുടെ ആരോഗ്യ, സുരക്ഷ മുൻനിർത്തി കൊറോണ വൈറസ് വ്യാപനം തടയുന്ന മുൻകരുതൽ നടപടികൾക്ക് അനുസൃതമായി അൽഹസയിലെ സൗദി ഈത്തപ്പഴ ഫാക്ടറി ആസ്ഥാനത്ത് പാക്കേജിംഗ്, അണുനശീകരണ പ്രക്രിയയിലേക്കും ഉപയോക്താക്കളുടെ കൈകളിൽ എത്തുന്നതു വരെ ഗുണമേന്മ സംരക്ഷിക്കുന്നത് ഉറപ്പു വരുത്തുന്ന നിലയിൽ ശീതീകരിച്ച ലോറികളിൽ ഈത്തപ്പഴ കാർട്ടണുകൾ അയക്കുന്നതിലേക്കും വെളിച്ചം വീശുന്ന സചിത്ര പ്രദർശനം ഉദ്ഘാടന ചടങ്ങിൽ മന്ത്രി വീക്ഷിച്ചു.