സൗദി ഇതര താമസക്കാർക്കും രാജ്യത്തിലേക്കുള്ള സന്ദർശകർക്കും ലൈസൻസില്ലാതെ സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾ പോസ്റ്റുചെയ്യുന്നത് നിരോധിച്ചിരിക്കുന്നു, വിധി അവഗണിക്കുന്നവർക്ക് അഞ്ച് വർഷം തടവും 5 ദശലക്ഷം റിയാൽ (1.3 ദശലക്ഷം ഡോളർ) വരെ പിഴയും ലഭിക്കുമെന്ന് സൗദി ജനറൽ അതോറിറ്റി ഫോർ ഓഡിയോവിഷ്വൽ മീഡിയ ഇന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു,
താമസക്കാരും സന്ദർശകരുമടങ്ങുന്ന സൗദി ഇതര പരസ്യദാതാക്കൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നടത്തുന്ന നിരവധി ലംഘനങ്ങൾ നിരീക്ഷിച്ച ശേഷമാണ് ഈ വിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
“അവരുടെ ഡാറ്റ പരിശോധിച്ചതിന് ശേഷം, വാണിജ്യ രജിസ്ട്രേഷനുകളുടെയും നിയമപരമായ ലൈസൻസുകളുടെയും അഭാവം ഉൾപ്പെടെയുള്ള വ്യവസ്ഥാപരമായ ലംഘനങ്ങൾ അവർ നടത്തിയതായി കണ്ടെത്തി, അവർ ഏതെങ്കിലും വാണിജ്യ സ്ഥാപനത്തിനോ വിദേശ നിക്ഷേപ ലൈസൻസിനോ കീഴിലല്ല പ്രവർത്തിക്കുന്നത്” എന്നും കമ്മീഷൻ പറഞ്ഞു.
ഈ വിധിയുടെ ഭാഗമായി, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ചരക്കുകൾ എന്നിവയുടെ വിപണന പരിപാടികൾക്ക് സൗദി ഇതര പരസ്യദാതാക്കളുമായി ഇടപെടുകയോ പരസ്യം ചെയ്യുകയോ ക്ഷണിക്കുകയോ ചെയ്യരുതെന്ന് വാണിജ്യ സ്ഥാപനങ്ങൾക്ക് നിർദേശം നൽകും.
ഒരു വാണിജ്യ സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്നവർക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വാണിജ്യ പരസ്യം ചെയ്യാനുള്ള അനുമതി നൽകുന്ന ലൈസൻസും നിയമപരമായ രേഖകളും ഉള്ളവർക്ക് മാത്രമേ പരസ്യത്തിനുള്ള അംഗീകാരം നൽകൂ.
സൗദി പൗരൻ അല്ലാത്ത ഒരാൾക്ക് ഇങ്ങനെയുള്ള ജോലി ചെയ്യാൻ പാടില്ലെന്നും ലൈസൻസ് നേടിയതിന് ശേഷമല്ലാതെ അതിൽ ഏർപ്പെടാൻ അനുവദിക്കില്ലെന്നും കമ്മീഷൻ പറയുന്നു.