റിയാദ്: ബാലിയിൽ നടക്കുന്ന സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റ് മറൂഫ് അമീൻ സൗദി ഇസ്‌ലാമിക് കാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ലത്തീഫ് അൽ അഷൈഖിനുമായി കൂടിക്കാഴ്ച നടത്തി.
ഗവൺമെന്റ് മന്ത്രിമാർ, മുഫ്തിമാർ, ഇസ്ലാമിക സർവ്വകലാശാലകൾ, കേന്ദ്രങ്ങൾ, അസോസിയേഷനുകൾ എന്നിവയുടെ പ്രസിഡന്റുമാർ, അംഗരാജ്യങ്ങളിൽ നിന്നുള്ള മത സാംസ്കാരിക നേതാക്കൾ എന്നിവരുൾപ്പെടെ 130 പ്രമുഖ വ്യക്തികൾ ആസിയാൻ യോഗത്തിൽ പങ്കെടുത്തു.
വിദ്യാഭ്യാസം, ഗവേഷണം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ഇന്തോനേഷ്യയ്ക്കും സൗദി അറേബ്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾക്കും ഇടയിൽ ഒരു പങ്കാളിത്തവും സഹകരണ വേദിയും കോൺഫറൻസ് പ്രദാനം ചെയ്‌തുവെന്ന് അമീൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ലോകം അഭിമുഖീകരിക്കുന്ന ചില വെല്ലുവിളികളെ നേരിടാൻ സഹായിക്കുന്നതിൽ മതനേതാക്കന്മാർക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്‌ലാമിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കി മതപരവും രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവും പാരിസ്ഥിതികവുമായ നീതിയും മിതത്വവും പ്രോത്സാഹിപ്പിക്കാനാണ് സമ്മേളനത്തിലൂടെ ഇന്തോനേഷ്യ ലക്ഷ്യമിടുന്നതെന്ന് അമീൻ അഭിപ്രായപ്പെട്ടു.